സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തീപിടിത്തം. കൊച്ചി വില്ലിംഗ്ടൺ ഐലൻ്റിലും പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിലുമാണ് തീപിടിത്തമുണ്ടായത്. വില്ലിംഗ്ടൺ ഐലൻ്റിലെ എഫ്എസിടിയുടെ ക്യൂ ടൺ ബർത്തിലാണ് തീപിടിത്തം. കായലിൽ നിന്നും കപ്പലുകൾ മാറ്റികൊണ്ടിരിക്കുകയാണ്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് വില്ലിംഗ്ടൺ ഐലൻ്റിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തീപിടിത്തം അനിയന്ത്രിതമായതോടെ കായലിലുണ്ടായിരുന്ന കപ്പൽ പ്രദേശത്ത് നിന്നും മാറ്റി. സൾഫർ സൂക്ഷിക്കുന്ന പ്രദേശമാണ് എഫ്എസിടിയുടെ ക്യൂ ടൺ ബർത്ത്. സൾഫറിലേക്ക് തീ വ്യാപിച്ചാൽ അപകടം ഗുരുതരമായേക്കും. അതിനാൽ നിരവധി ഫയർ എഞ്ചിനുകൾ പ്രദേശത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകരമായ പല രാസവസ്തുക്കളും കൈകാര്യം ചെയ്യുന്ന പ്രദേശം കൂടിയാണിത്.
പത്തനംതിട്ടയിൽ സീതത്തോട് സീതക്കുഴിയിലാണ് തീപിടിത്തമുണ്ടായത്. വനമേഖലയോട് ചേർന്ന് റബ്ബർ തോട്ടത്തിലാണ് തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ്. പത്തനംതിട്ട ഏനാത്ത് ഡിജിറ്റൽ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി. ഏനാത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെല്ലം സ്റ്റുഡിയോയിലാണ് തീ പിടിച്ചത്. ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.