NEWSROOM

തമിഴ്‌നാട്ടിലെ ഹൊസൂരിൽ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ കമ്പനിയിൽ തീപിടിത്തം

തീപിടിത്തമുണ്ടാകുമ്പോള്‍ 1500ഓളം തൊഴിലാളികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് വിവരം

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിലെ ഹൊസൂരിൽ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ടയിലെ നാഗമംഗലത്തുള്ള യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കൃഷ്ണഗിരിയിൽ നിന്നും ധർമ്മപുരിയിൽ നിന്നുമുള്ള  പത്തിലേറെ അഗ്നിശമനാ വാഹനങ്ങൾ പുലർച്ചെ മുതൽ തീ അണയ്ക്കാനായി വിന്യസിച്ചിട്ടുണ്ട്.

തീപിടിത്തമുണ്ടാകുമ്പോള്‍ 1500ഓളം തൊഴിലാളികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൊബൈൽ ഫോൺ ആക്സസെറീസ് പെയിൻ്റിംഗ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.45നാണ് തീപിടിത്തം ഉണ്ടായെന്ന വിവരം അറിഞ്ഞതെന്ന് അഗ്നിശമനാ സേന പറയുന്നു. എല്ലാ ജീവനക്കാരെയും അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്ന് ജീവനക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. മൊബൈല്‍ നിർമാണ യൂണിറ്റിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഐഫോൺ കോംപോണന്‍റ് നിർമാണത്തിനായി ഏകദേശം 5,000 കോടി രൂപ മുതൽമുടക്കിലാണ് ടാറ്റ ഇലക്‌ട്രോണിക്‌സ് യൂണിറ്റ് നിർമിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.

SCROLL FOR NEXT