NEWSROOM

കോഴിക്കോട്ടെ വസ്ത്ര ഗോഡൗണിലെ തീപിടിത്തം: കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനം ഇല്ലെന്ന് ഫയർ ഫോഴ്‌സ് റിപ്പോർട്ട്‌

വരാന്ത കെട്ടി അടച്ച നിലയിലായിരുന്നുവെന്നും, ഇടനാഴിയിലും കോണിപ്പടിയിലും തുണി കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വസ്ത്ര ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഫയർ ഫോഴ്‌സ് റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനം ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വരാന്ത കെട്ടി അടച്ച നിലയിലായിരുന്നുവെന്നും, ഇടനാഴിയിലും കോണിപ്പടിയിലും തുണി കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്താൻ വൈകിയില്ലെന്നും ഫയർ ഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞത്.    സ്ഥാപനത്തിൽ തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കടയ്ക്ക് എൻഒസി ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചിരുന്നു. എന്നാൽ കെട്ടിടത്തിൽ അശാസ്ത്രീയവും, അനധികൃതവുമായ നിർമ്മാണം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.



തീപിടിത്തത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഫയര്‍ ഒക്കറന്‍സ് വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.        തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.


വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയതോടെയാണ് തീ നിയന്ത്ര വിധേയമാക്കാന്‍ കഴിഞ്ഞത്. ജെസിബി ഉള്‍പ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയാണ് തീ അണച്ചത്. തീ പടര്‍ന്ന ഉടനെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


SCROLL FOR NEXT