കണ്ണൂര്‍ മീന്‍കുന്നില്‍ ക്ഷേത്രോത്സവത്തിനിടെ പടക്കം പൊട്ടി അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പടക്കം പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
തെങ്ങില്‍ കയറുന്ന ബപ്പിരിയന്‍ തെയ്യം കെട്ടിയാടുന്ന മുച്ചിരിയന്‍ കാവില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്താറുണ്ട്. പുലിയൂര്‍ കണ്ണന്‍ തെയ്യത്തിന് ശേഷം ബപ്പിരിയന്‍ തെയ്യം ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്ഷേത്രമുറ്റത്ത് കൂടിയിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് അമിട്ട് വീണത്. ക്ഷേത്രമുറ്റത്ത് നിന്നും മുന്നോറോളം മീറ്റര്‍ അകലെ നിന്നായിരുന്നു പടക്കം പൊട്ടിച്ചത്.
ഇവിടെ നിന്നും തിരി കൊളുത്തിയ നാടന്‍ അമിട്ട് ദിശ തെറ്റി താഴെ വീണ് പോട്ടുകയായിരുന്നു. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റു. അര്‍ജുന്‍, നിധിന്‍, ആദിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
വളപട്ടണം എസ്എച്ച്ഒയുടെ ചുമതലയുള്ള ബി. കാര്‍ത്തിക് ഐഎഎസ്, വളപട്ടണം എസ്എച്ച്ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പടക്കം പൊട്ടിക്കാന്‍ അനുമതി ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കാവില്‍ പടക്കം പൊട്ടിക്കുന്ന പതിവില്ലെന്നും ആരാണ് പടക്കം പൊട്ടിച്ചത് എന്ന് അറിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.