പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം വെടിവെയ്പ്പ് നടന്നു. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു .12-15 തവണ വെടിയുതിർത്തതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച രാത്രി 9.42 ഓടെയാണ് സംഭവം. രണ്ട് സംഘങ്ങൾ ബർഗർ ജോയിൻ്റിൽ എത്തുകയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ആയുധധാരികളായിരുന്ന ഇരുവിഭാഗവും പരസ്പരം വെടിയുതിർക്കാൻ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരങ്ങൾ ശേഖരിക്കാനും സിസിടിവി ക്യാമറകൾ പരിശോധിക്കാനും പ്രത്യേക അന്വേഷണ സംഘത്തെ ഡൽഹി പൊലീസ് രൂപീകരിച്ചിട്ടുണ്ട്. അക്രമികൾക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.