NEWSROOM

വരാണസിയിൽ സമാജ്‌വാദി പാർട്ടി നേതാവിൻ്റെ വീടിന് നേരെ വെടിവെപ്പ്; ആറു വയസ്സുകാരനുൾപ്പെടെ ആറ് പേർക്ക് പരിക്ക്

തൻ്റെ കുടുംബത്തെ മുഴുവനായി കൊലപ്പെടുത്താനായിരുന്നു ആക്രമണത്തിൻ്റെ ഉദ്ദേശമെന്ന് നേതാവ് പരാതിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

യുപിയിലെ വരാണസിയിൽ സമാജ്‌വാദി പാർട്ടി നേതാവ് വിജയ് യാദവിൻ്റെ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് വയസ്സുള്ള കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. തൻ്റെ കുടുംബത്തെ മുഴുവനായി കൊലപ്പെടുത്തുക എന്നതായിരുന്നു വെടിവെപ്പിൻ്റെ ഉദ്ദേശമെന്ന് നേതാവ് നൽകിയ പരാതിയിൽ പറഞ്ഞതായി വരാണസി പൊലീസ് വ്യക്തമാക്കി.

മുൻ വ്യവസായിയും, സമാജ്‌വാദി പാർട്ടി നേതാവുമായ വിജയ് യാദവിൻ്റെ വരാണസിയിലെ ദശാശവമേദ് മേഖലയിലുള്ള വീടിന് നേരെയാണ് ഞായറാഴ്ച വെടിവെപ്പുണ്ടായത്. ആറു വയസ്സുകാരനായ നിർഭയ് യാദവ്, വീട്ടിലുണ്ടായിരുന്ന കിരൺ യാദവ്, ഉമേഷ് യാദവ്, ദിനേഷ് യാദവ്, ശുഭം എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവുമായി ബന്ധപ്പെട്ട് ദശാശവമേദ് പൊലീസ് സ്റ്റേഷനിലെ എസ് ഐ രാകേഷ് പാലിനെ വരാണസി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.

ആക്രമണത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളായ അങ്കിത് യാദവ്, ശോഭിത് വർമ, ഗോവിന്ദ് യാദവ്, സാഹിൽ യാദവ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സ്റ്റേറ്റ് ആൻ്റി സോഷ്യൽ ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രമോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT