"ഞാന്‍ ഒരിക്കലും ട്രംപിന്‍റെ ആളായിരുന്നില്ല.
എന്‍റെ ദൈവമേ എന്തൊരു വിഡ്ഢി.
ഞാന്‍ അയാളെ നിന്ദ്യനായി കാണുന്നു."
ഡൊണാള്‍ഡ് ട്രംപിന്‍റെ 2016ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജെ. ഡി വാന്‍സ് ട്വിറ്ററിലും അഭിമുഖങ്ങളിലും പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ 2024ല്‍ ഈ നിലപാടുകളൊക്കെ മാറി.
"നീണ്ട ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം, മറ്റ് പലരുടെയും അപാരമായ കഴിവുകള്‍ പരിഗണിച്ച ശേഷമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് ഒഹായോയിലെ സെനറ്റര്‍ ജെ.ഡി വാന്‍സാണെന്ന് ഞാന്‍ തീരുമാനിച്ചത്", ട്രംപ് തന്‍റെ സമൂഹമാധ്യമ സൈറ്റായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ജെ.ഡി വാന്‍സ്?
ഒഹായോയിലാണ് ജയിംസ് ഡൊണാള്‍ഡ് ബോവ്മാന്‍ എന്ന വാന്‍സിന്‍റെ ജനനം. വാന്‍സിന്‍റെ അമ്മ ലഹരിക്ക് അടിമയായിരുന്നു. വാന്‍സിന്‍റെ ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു പോയി. മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ് വാന്‍സിനെ വളര്‍ത്തിയത്.
2016ല്‍ പുറത്തിറങ്ങിയ വാന്‍സിന്‍റെ 'ഹില്‍ബില്ലി എലിജി'യെന്ന ഓര്‍മ്മപുസ്തകത്തില്‍ ഈ അനുഭവങ്ങള്‍ നമുക്ക് വായിക്കാന്‍ സാധിക്കും. ഈ പുസ്തകത്തിലൂടെ വരേണ്യ വര്‍ഗത്തിനു നേരെയുള്ള തന്‍റെ പുച്ഛം വാന്‍സ് പുറന്തള്ളി. അതോടൊപ്പം തന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവിത പരീക്ഷണങ്ങള്‍, കഷ്ടപ്പാടുകള്‍, മോശം തീരുമാനങ്ങള്‍ എന്നിവയുടെ സത്യസന്ധമായ ഛായാചിത്രവും വാന്‍സ് വരച്ചു. ക്ഷേമ പെന്‍ഷനുകളെ ആശ്രയിക്കുന്ന, വഴിവിട്ട് ചെലവഴിക്കുന്ന ആളുകളായാണ് ഇവരെ പുസ്തകത്തില്‍ വിവരിച്ചിരുക്കുന്നത്. ഇത്തരം യാഥാസ്ഥിതികമായ കാഴ്ചപ്പാടാണ് പുസ്തകത്തിലുടനീളം വാന്‍സ് സ്വീകരിച്ചിക്കുന്നത്. മറ്റുള്ളവരുടെ സഹായങ്ങളില്ലാതെ സ്വന്തം പ്രയത്‌നത്താല്‍ സമ്പാദിക്കുകയെന്നതായിരുന്നു ജെ.ഡി വാന്‍സിന്‍റെ ചിന്താഗതി. 2020ല്‍ ഹില്‍ബില്ലി എലിജി അതേ പേരില്‍ ഓസ്ക്കാർ അവാർഡ് ജേതാവ് റോണ്‍ ഹൊവാർഡ് സിനിമയാക്കിയിരുന്നു.
പുസ്തകം പുറത്തിറങ്ങിയപ്പോഴേക്കും വാന്‍സ് ഒഹായോയില്‍ നിന്ന് വളരെ അകലെ എത്തിയിരുന്നു. യുഎസ് മറൈന്‍സ്, ഇറാഖ് , ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യേല്‍ ലോ സ്‌കൂള്‍ എന്നിങ്ങനെയുള്ള യാത്ര ചെന്നു നിന്നത് കാലിഫോര്‍ണിയയിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ജോലിയിലാണ്.
2016 കാലഘട്ടത്തില്‍ ഹില്‍ബില്ലി എലിജിയിലൂടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരനായി മാറിയ വാന്‍സാണ് വെളുത്ത, തൊഴിലാളിവര്‍ഗ വോട്ടര്‍മാര്‍ക്കിടയില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ ആശയങ്ങളുടെ നിരൂപകനായി നിന്നത്. അന്നത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെ വിമര്‍ശിക്കാനുള്ള ഒരു അവസരവും വാന്‍സ് നഷ്ടപ്പെടുത്തിയിരുന്നില്ല.
2017ലാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖലയില്‍ ജോലി ചെയ്യാനായി വാന്‍സ് ഒഹായോവില്‍ തിരിച്ചെത്തുന്നത്. അപ്പോഴേക്കും യേലില്‍ വെച്ചു പരിചയപ്പെട്ട ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയെ കല്ല്യാണം കഴിച്ചിരുന്നു.
ഒഹായോവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി വാന്‍സിന്‍റെ പേര് പലകോണുകളില്‍ ഉയര്‍ന്നിരുന്നെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. 2022ല്‍ ഒഹായോവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോബ് പോര്‍ട്ട്മാന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്ന തീരുമാനം എടുക്കുന്നിടത്താണ് ജെഡി വാന്‍സിന്‍റെ രാഷ്ട്രീയ തലവര മാറുന്നത്. ഒപ്പം ട്രംപിനോടുള്ള സമീപനവും. ഒഹായോവില്‍ സെനറ്ററായി ജയിച്ചു കയറണമെങ്കില്‍ ആ മാറ്റം അത്യാവശ്യമായിരുന്നു. മുന്‍പ് ട്രംപിനെപ്പറ്റി നടത്തിയ പരാമര്‍ശങ്ങളില്‍ വാന്‍സ് മാപ്പു ചോദിച്ചു. ട്രംപിന്‍റെ വിശ്വസ്തനായി മാറി.ഒഹായോ സ്റ്റേറ്റിന്‍റെ സെനറ്ററായി. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കാം' എന്ന ട്രംപിന്‍റെ മുദ്രാവാക്യത്തോട് പൂര്‍ണ്ണമായി കീഴ്‌പ്പെട്ട വാന്‍സിനെയാണ് പിന്നെ കാണാന്‍ കഴിയുന്നത്.
യുഎസ് സെനറ്റിലെ യാഥാസ്ഥിതിക വോട്ടാണ് വാന്‍സ്. ജനകീയ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്ന വാന്‍സ് യുക്രെയ്‌നിനു നല്‍കുന്ന സാമ്പത്തിക സഹായങ്ങളില്‍ സംശയാലുവായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഗാസ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്ന, അനധികൃത കുടിയേറ്റക്കാരെ പഠിപ്പിക്കുന്ന കോളേജുകളുടെ ഫെഡറല്‍ ഫണ്ടുകള്‍ പിടിച്ചുവെയ്ക്കണമെന്നൊരു ബില്ല് വാന്‍സ് അവതരിപ്പിച്ചിരുന്നു. 2019ല്‍ കത്തോലിക്കനായി ജ്ഞാനസ്‌നാനം ചെയ്ത് 15 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്ര നിരോധനത്തിനെ അനുകൂലിച്ചു വാന്‍സ് രംഗത്ത് വന്നു. 2022ല്‍ വാന്‍സ് ട്രംപിനെ ഉപമിച്ചത് ഹിറ്റ്‌ലറുമായാണ്. അതും വാന്‍സിന് നല്ലതെന്ന് തോന്നിയ അര്‍ഥത്തില്‍.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജെഡി വാന്‍സിനെ വിശേഷിപ്പിച്ചത് ട്രംപിന്‍റെ ക്ലോണ്‍ എന്നായിരുന്നു. സെനറ്റിലെ വാന്‍സിന്‍റെ പ്രകടനങ്ങള്‍ അത് ശരിവെയ്ക്കുന്നു.