NEWSROOM

ആറളത്തെ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി, ലീല ദമ്പതികളുടെ മക്കൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്. കഴിഞ്ഞദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടെത്തി, കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു.


ആറളത്ത് ആനമതില്‍ കെട്ടുന്ന പദ്ധതിയില്‍ ചില വീഴ്ചകളുണ്ടായെന്നും വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ആനമതില്‍ പൂര്‍ത്തിയാകാന്‍ ആറ് മാസമെടുക്കും. നിർമാണം അടുത്ത മാസം ആരംഭിക്കും. ആനമതിൽ പൂർത്തിയാകുംവരെ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പുനരധിവാസ മേഖലയിലെ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കും. ആറളത്തെ ആർആർടിയുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ആറളത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമായത്.

ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കാൻ പോകും വഴിയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെ കാട്ടാന ആക്രമിച്ചത്. ദമ്പതികൾ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ്ആക്ഷേപം. രണ്ട് മാസത്തിനിടെ ഒന്‍പത് പേരാണ് കേരളത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറളം മേഖലയിൽ മാത്രം 10 വർഷത്തിനിടെ 17 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

SCROLL FOR NEXT