NEWSROOM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ആദ്യം നോട്ടീസ് നൽകുക ശ്രീനാഥ് ഭാസിക്ക്

അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആദ്യം ഒരു നടന് മാത്രമാണ് നോട്ടീസ് നൽകുകയെന്ന് എക്സൈസ്. ശ്രീനാഥ് ഭാസിയെ ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തും. തന്നോട് കഞ്ചാവ് വേണോ എന്ന് ചോദിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്തതായി മുൻകൂർ ജാമ്യഹർജിയിൽ ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ഇത് കഞ്ചാവ് ഇടപാട് നടന്നതിൻ്റെ സൂചനയായാണ് എക്സൈസിൻ്റെ വിലയിരുത്തൽ. അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.

റിമാന്റിലുള്ള തസ്ലീമ, സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങും. ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും തുടർ നടപടികൾ. തസ്ലീമയുടെ ഫോണിൽ നിന്നും സിനിമയുമായി ബന്ധപെട്ട ലഹരി ഇടപാടിൻ്റെ നിർണായക തെളിവുകൾ കിട്ടുമെന്ന് തന്നെയാണ് ഉദ്യോ​ഗസ്ഥരുടെ പ്രതീക്ഷ. പിടിയിലായ സുൽത്താൻ അക്ബർ അലി കഞ്ചാവിനൊപ്പം സ്വർണവും കടത്തിയിരുന്നു. രാജ്യാന്തര ബന്ധത്തിൻ്റെ തെളിവ് ലഭിച്ചാൽ അന്വേഷണത്തിന് മറ്റ് കേന്ദ്ര ഏജൻസിയുടെ സഹായം തേടും.

ഏപ്രില്‍ ഒന്നിന് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായതോടെയാണ് ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും പേര് പുറത്തു വന്നത്. ഇവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകിയിരുന്നു. ആരോപണവിധേയനായ നടന്‍ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ നൽകുകയും,നടനെ പ്രതി ചേർക്കാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു.

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT