സാൻഫെർണാണ്ടോ കപ്പല്‍ 
NEWSROOM

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ തീരം തൊട്ടു; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം

നാളെ നടക്കുന്ന ചടങ്ങിനു പിന്നാലെ സാൻഫെർണാണ്ടോ കൊളംബോയിലേക്കു മടങ്ങുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പെത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിൻ്റെ സാൻഫെർണാണ്ടോയെന്ന കപ്പലാണ് തീരം തൊട്ടത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപാതക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ വരവേറ്റത്. മദർഷിപ്പിൻ്റെ നിയന്ത്രണം തുറമുഖത്തിൻ്റെ ക്യാപ്റ്റൻ ഏറ്റെടുത്തു.

രാവിലെ 7.30 ഓടെ കപ്പൽ തുറമുഖത്തിൻ്റെ ഔട്ടര്‍ ഏരിയയിൽ നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനയി ഔട്ടർ ഏരിയയിലേക്ക് പുറപ്പെട്ട ടഗ് ബോട്ടുകൾക്കൊപ്പമാണ് സാൻഫെർണാണ്ടോ കരയ്ക്കെത്തിയത്. സിയാമെൻ തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ എട്ടു ദിവസം കൊണ്ടാണ് വിഴിഞ്ഞത്തേക്കെത്തിയത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ബെർത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കൽ ജോലിക്ക് തുടക്കമാകും. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന എസ്ടിഎസ്, യാർഡ് ക്രെയിനുകളാണ് ചരക്കിറക്കാൻ ഉപയോഗിക്കുക. ട്രാൻഷിപ്മെൻ്റ് നടത്തുന്നതിനായി രണ്ടു കപ്പലുകളും വൈകാതെ തുറമുഖത്ത് എത്തുമെന്നാണ് വിവരം. ട്രയൽ റണ്ണിൻ്റെ ഭാഗമായി തുടർച്ചയായി സെപ്റ്റംബർ വരെ ചരക്കു കപ്പലുകൾ എത്തും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ മദർഷിപ്പിന് സ്വീകരണം നൽകും. ചടങ്ങിൽ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും. നാളെ നടക്കുന്ന ചടങ്ങിനു പിന്നാലെ സാൻഫെർണാണ്ടോ കൊളംബോയിലേക്കു മടങ്ങുമെന്നാണ് വിവരം.

SCROLL FOR NEXT