NEWSROOM

ഹേമകമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക , മൊഴികൾ പുറത്തുവിടരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് ഹൈക്കോടതിക്ക് മുന്നിലുളളത്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുളള ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക, മൊഴികൾ പുറത്തുവിടരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് ഹൈക്കോടതിക്ക് മുന്നിലുളളത്. മുദ്രവെച്ച കവറിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കാൻ നേരത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം അഡ്വക്കേറ്റ് ജനറൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിക്കുക പ്രത്യേക ബെഞ്ച് ആയിരിക്കും.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി രഞ്ജിനി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.  പ്രത്യേക ബെഞ്ചിന്‍റെ പരിഗണനയിലുളള കേസിൽ കക്ഷിചേരാനുളള അപേക്ഷയാണ് നൽകിയത്. മൊഴി നൽകിയവരുടെ പേരുകളും മൊഴിയുടെ വിശദാംശങ്ങളും പുറത്ത് വിടരുതെന്നാണ് ആവശ്യം. പ്രത്യേക ബെഞ്ച് നാളെ ഇതും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് നേരത്തെ നൽകിയ ഹർജി രഞ്ജിനി പിൻവലിച്ചിരുന്നു.

SCROLL FOR NEXT