NEWSROOM

മത്സ്യത്തൊഴിലാളികളുടെ സ്വൈര്യജീവിതം നശിപ്പിക്കുമെന്ന് ആരോപണം;സീപ്ലെയിൻ പദ്ധതിക്കെതിരെ പ്രതിഷേധം

കേരളത്തിൻ്റെ ടൂറിസ്റ്റ് മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകാൻ സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പദ്ധതിക്കെതിരെയാണ് നിലവിൽ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സർക്കാരിൻ്റെ സീപ്ലെയിൻ പദ്ധതിക്കെതിരെ പ്രതിഷേധവുമായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. മത്സ്യത്തൊഴിലാളികളുടെ സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്ന പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രധാന ആവശ്യം. അല്ലാത്തപക്ഷം കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

കേരളത്തിൻ്റെ ടൂറിസ്റ്റ് മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകാൻ സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പദ്ധതിക്കെതിരെയാണ് നിലവിൽ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായിരിക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാർ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പദ്ധതി നിർത്തിവെച്ചിരുന്നു. അന്നത്തെ സിഐടിയു സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ്റെ നേതൃത്വത്തിലായിരുന്നു ആലപ്പുഴയിലെ പുന്നമടയിൽ സമരം സംഘടിപ്പിച്ചത്.

കൊല്ലം അഷ്ടമുടിക്കായലിൽ നിന്നും പറന്നുയർന്ന സീപ്ലെയിൻ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം തിരിച്ചിറക്കി. പരാജയപ്പെട്ട ഈ പദ്ധതിയാണ് മത്സ്യതൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.

Also Read ; കേരള ടൂറിസത്തിന് പുതിയ ആകാശം: പരീക്ഷണ പറക്കൽ പൂർത്തിയാക്കി സീപ്ലെയിൻ; കന്നി യാത്ര നടത്തി മന്ത്രിമാർ


1500 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമായി എറണാകുളം ബോൾഗാട്ടിയിൽ നിർമ്മിക്കാനുദേശിക്കുന്ന വാട്ടർ ഡ്രോം മത്സ്യബന്ധനത്തിന് എതിരാണ്. മുളവുകാട്, താന്തോന്നി തുരുത്ത് എന്നീ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന മേഖലയാണിത്. കൊച്ചിൻ ഷിപ്പ് യാർഡ്, നേവൽ ബേസ്, കൊച്ചി തുറമുഖം, വല്ലാർപാടം ദുബായ് പോർട്ട് വേൾഡ് എന്നിങ്ങനെയുള്ള നിർണായക കേന്ദ്രങ്ങളുടെ 7 കിലോമീറ്റർ പരിസരത്ത് ഇതിനോടകം മത്സ്യബന്ധനം നിരോധിക്കപ്പെട്ടതായും ഇവർ ആരോപിക്കുന്നു.


കേന്ദ്രസർക്കാരിൻ്റെ ബ്ലൂ ഇക്കോണമി പദ്ധതി മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ബ്ലാക്ക് ഇക്കോണമി ആയി മാറി. സീപ്ലെയിൻ പദ്ധതി മൂലം വ്യാപക കുടിയൊഴിപ്പിക്കലുകളും പാരിസ്ഥിതിക ദുരന്തങ്ങളും മത്സ്യ മേഖല അനുഭവിക്കാൻ പോവുകയാണെന്നും പരാതിയുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന മത്സ്യ തൊഴിലാളി ഐക്യവേദി യോഗത്തിലൂടെ തുടർ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

SCROLL FOR NEXT