NEWSROOM

"കടൽ മണൽ ഖനനം പാരിസ്ഥിതിക പഠനം നടത്താതെ, സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം "; തോട്ടപ്പള്ളിയിലെ സമരസംഗമത്തിൽ കെ.സി. വേണുഗോപാൽ

മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരസംഗമം. ആഴക്കടലിലേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ യാത്ര നടന്നു

Author : ന്യൂസ് ഡെസ്ക്

കടൽ മണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരസംഗമം. ആഴക്കടലിലേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ യാത്ര നടന്നു. പാരിസ്ഥിതിക പഠനം നടത്താതെയാണ് കടൽ മണൽ ഖനനം നടത്തുന്നതെന്ന് പ്രതിഷേധത്തിനെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ .സി. വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന സർക്കാർ കള്ളക്കളി അവസാനിപ്പിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്നായിരുന്നു കെ.സി വേണുഗോപാലിൻ്റെ പ്രസ്താവന. മത്സ്യത്തൊഴിലാളികളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിൽ പാരിസ്ഥിതിക പഠനം നടത്താതെയാണ് കടൽ മണൽ ഖനനം നടക്കുന്നത്. മത്സ്യത്തൊഴിലാളികളോടും സംഘടനകളോടും അഭിപ്രായം ചോദിക്കാതെ നടപ്പിലാക്കിയ നിയമമാണിതെന്നും വേണുഗോപാൽ പറഞ്ഞു.

ധാതുമണൽ കടത്തിനുള്ള കള്ളക്കളിയാണിതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. അതിനു വേണ്ടി സർക്കാർ വളഞ്ഞവഴി സ്വീകരിക്കുകയാണ്. കടൽ മണൽ ഖനനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്നു. കടലിനെ കൊല്ലാനുള്ള അതിക്രൂരമായ പദ്ധതിയാണിത്. അത് അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുകയാണെങ്കിൽ സംസ്ഥാന സർക്കാരിനൊപ്പം വരാൻ തങ്ങളും തയ്യാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.


SCROLL FOR NEXT