NEWSROOM

ചാന്ദിപുര വൈറസ്: ഗുജറാത്തിൽ അഞ്ച് മരണം കൂടി, സംസ്ഥാനത്ത് ആകെ കേസുകൾ 84 ആയി

32 പേരാണ് ഇതുവരെ വൈറസ് അണുബാധയെ തുടർന്ന് ഗുജറാത്തിൽ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ചാന്ദിപുര വൈറസ് അണുബാധയെ തുടർന്ന് ഗുജറാത്തിൽ ഞായറാഴ്ച മാത്രം അഞ്ച് പേർ മരിച്ചു. 13 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. 32 പേരാണ് ഇതുവരെ മരിച്ചത്. അഹമ്മദാബാദ്, ആരവല്ലി, ബനസ്‌കന്ത, സുരേന്ദ്രനഗർ, ഗാന്ധിനഗർ, മെഹ്‌സാന, വഡോദര, നർമദ, രാജ്കോട്ട് എന്നിവടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്.

മഹിസാഗർ, ഖേഡ, വഡോദര, ബനസ്‌കന്ത എന്നിവിടങ്ങളിൽ നിന്നാണ് അഞ്ച് മരണം റിപ്പോർട്ട് ചെയ്തത്. ബനസ്‌കന്തയിൽ നിന്ന് രണ്ട് പേരും, മഹിസാഗർ, ഖേഡ, വഡോദര എന്നിവടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ശനിയാഴ്ച മാത്രം ഒമ്പത് കേസുകളാണ് ഗുജറാത്തിൽ സ്ഥിരീകരിച്ചത്.

റാബ്‌ഡോവിറിഡേ ഇനത്തിൽ പെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്റ്റി കൊതുകുകളും ചാന്ദിപുര വൈറസിൻ്റെ വാഹകരായി കണക്കാക്കപ്പെടുന്നു. വൈറസ് മൂലമുണ്ടാകുന്ന അണുബാധ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് വ്യാപിച്ചാണ് മരണം സംഭവിക്കുക.

പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചാന്ദിപുര വൈറസ് അണുബാധ പ്രകടമാകുന്നത്. രോഗം സ്ഥിരീകരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ നിന്നുള്ള മുൻകാല പഠനങ്ങളിൽ ശ്വാസതടസ്സം, രക്തസ്രാവം, വിളർച്ച തുടങ്ങിയ മറ്റ് ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT