NEWSROOM

സംസ്ഥാനത്തെ നിരത്തുകളിൽ അപകട പരമ്പര; വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ അഞ്ച് മരണം

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് ഇന്നുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ പെരുമ്പഴുതൂർ സ്വദേശികൾ അഖിൽ, സാമുവൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അപകടത്തിൽ രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ നരുവാമൂട് സ്വദേശി മനോജും മരിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ആലപ്പുഴ ബൈപാസിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനി ലോറി ഡ്രൈവറായ കൊല്ലം സ്വദേശി റെനീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ ജോഷിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തേക്ക് പോയ ലോറിയും കരുനാഗപ്പള്ളിയിൽ നിന്ന് എറണാകുളത്തേക്ക് പോയ മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. അർധരാത്രിയോടെ ബൈപാസിൽ വിജയ് പാർക്ക് ഭാഗത്താണ് അപകടമുണ്ടായത്.

പാലക്കാട് മരുതറോഡ് ഉണ്ടായ അപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണു രാജ് മരിച്ചു. ജിഷ്ണു സഞ്ചരിച്ച ബൈക്ക് കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ജിഷ്ണു. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT