ഉത്തരാഖണ്ഡിൽ കേദാർനാഥ് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് തീർഥാടകർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് കേദാർനാഥ് സോൻപ്രയാഗിന് സമീപം മങ്കുടിയയിൽ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി രുദ്രപ്രയാഗ് പൊലീസ് അറിയിച്ചു.
കേദാർനാഥ് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ NDRF, SDRF സംഘങ്ങളും ലോക്കൽ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് ഒരു മൃതദേഹം കണ്ടെടുക്കുകയും കുടുങ്ങി കിടന്ന മൂന്ന് തീർഥാടകരെ രക്ഷപ്പെടുത്തുകയും ചെയ്തു.
എന്നാൽ, കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിച്ചതോടെയാണ് നാല് തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജൂലൈ 31നും ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. 150 മീറ്ററോളം തകർന്ന റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്തി മൂന്നു ദിവസം മുൻപാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.