NEWSROOM

"കൈയ്യും കാലും ഒടിഞ്ഞ് കിടന്ന അച്ഛനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു"; കേരളം ഏറ്റെടുത്ത അഞ്ചുവയസുകാരൻ്റെ 'സങ്കടക്കുറിപ്പ്'

പയ്യന്നൂർ സബ്‌ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്കൂൾ വിദ്യാർഥി ആരവ് പി.പി. ആണ് എഴുത്തിന് പിന്നിൽ

Author : ന്യൂസ് ഡെസ്ക്



സോഷ്യൽ മീഡിയയിൽ കാണുന്ന പല കുറിപ്പുകളും വായിച്ചു തള്ളാറാണ് പതിവെങ്കിലും, ഹൃദയത്തിൽ തങ്ങുന്ന ചിലതുണ്ട്. പലപ്പോഴും അവ കുഞ്ഞുഹൃദയങ്ങളിൽ നിന്നുള്ള നിഷ്കളങ്കമായ കുറിപ്പുകൾ തന്നെയായിരിക്കും. അത്തരത്തിൽ ഒരു കൊച്ചു ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ്.

അച്ഛനും അമ്മക്കും പനി വരുമ്പോൾ, അവർക്ക് വയ്യാതാവുമ്പോൾ കുഞ്ഞുമനസുകൾ എത്രത്തോളം വേദനിക്കുമെന്ന് വ്യക്തമാക്കുന്ന വാക്കുകൾ. വായിക്കുന്നവരുടെ മനസറിഞ്ഞാവണം, ഒരു സങ്കടക്കുറിപ്പെന്നാണ് ആ കൊച്ചുമിടുക്കൻ ഡയറിക്കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്. അച്ഛനുണ്ടായ ഒരു അപകടത്തെ കുറിച്ചാണ് ഒന്നാംക്ലാസുകാരൻ തൻ്റെ സങ്കടക്കുറിപ്പിൽ എഴുതിയത്.

"കുറച്ച് ദിവസങ്ങൾ‌ മുമ്പ് എൻ്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിൻ്റെ മോളിൽ നിന്നും 'തായേക്ക്' വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. അച്‌ഛനെ എല്ലാരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്നു കട്ടിൽ കിടത്തി. അച്‌ഛനെ കണ്ടതും ഞാൻ പൊട്ടി കരഞ്ഞു. അച്ഛൻ്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായർക്കു സങ്കടമായി. എല്ലാരും കരഞ്ഞു," അവൻ ഡയറിയിൽ കുറിച്ചു.

പയ്യന്നൂർ സബ്‌ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്കൂൾ വിദ്യാർഥി ആരവ് പി.പി. ആണ് എഴുത്തിന് പിന്നിൽ. കുറിപ്പിനൊപ്പം കോൺക്രീറ്റ് തൊഴിലാളിയായ അച്ഛൻ മധു കട്ടിലിൽ കിടക്കുന്ന ചിത്രവും ആരവ് വരച്ച് ചേർത്തിരുന്നു.

സ്കൂൾ ഡയറിയിൽ ആ അഞ്ചുവയസുകാരൻ എഴുതിയ വാക്കുകൾ തള്ളികളയാൻ ക്ലാസ് ടീച്ചറായ മായ കെ.മാധവന് തോന്നിയില്ല. അധ്യാപികയ്ക്ക് ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. വൈറലായതോടെ കുറിപ്പ് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി പ്രധാനാധ്യാപകൻ സി.കെ.മനോജിനെ വിളിച്ചു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

‘ചേർത്തുപിടിക്കുന്നു മോനേ’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെ ഇത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബമാണെങ്കിൽ തീർച്ചയായും ചേർത്ത് പിടിക്കണമെന്നും അച്ഛനോട്‌ ഉള്ള കരുതലാണ് ഈ കുറിപ്പിൽ കാണുന്നതെന്നുമാണ് പോസ്റ്റിന് കീഴിലെ കമൻ്റുകൾ.

SCROLL FOR NEXT