യന്ത്രത്തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ഒമ്പത് മണിക്കൂർ കാത്തിരിപ്പിന് ശേഷം രാവിലെ വിമാനം റദ്ദാക്കുകയായിരുന്നു.
ബദൽ സംവിധാനം ഒരുക്കാത്തതിനെ ചൊല്ലിയാണ് നെടുമ്പാശേരിയിൽ യാത്രക്കാർ ബഹളമുണ്ടാക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. വൻ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസെത്തി യാത്രക്കാരെ അനുനയിപ്പിച്ചു.
സാങ്കേതിക പ്രശ്നം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ വിശദീകരിച്ചു. എന്നാൽ, വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.