NEWSROOM

ഹിമാചലിൽ പ്രളയം;രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; 11 മരണമെന്ന് റിപ്പോർട്ട്

സ്ത്രീകളും പുരുഷൻമാരുൾപ്പെടെ 50ലധികം ആളുകളെ കാണാതായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഷിംല, മാണ്ഡി, കുളു ജില്ലകളിലായി 11 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. കേദാർനാഥിലേക്കുള്ള വഴിയിൽ 200 ഓളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് സ്ത്രീകളും പുരുഷൻമാരുൾപ്പെടെ 50ലധികം ആളുകളെ കാണാതായിട്ടുണ്ട്.

സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. പ്രദേശത്തേക്കുള്ള ഗതാഗത സംവിധാനം താറുമാറായി. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡിയിലും മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മേഘസ്‌ഫോടനത്തിലും ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ALSO READ: ഹിമാചലിലെ പ്രളയം; രണ്ട് കുട്ടികളുൾപ്പെടെ അഞ്ചു പേർ മരിച്ചു, നിരവധിപേരെ കാണാനില്ല

ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കവും മേഘവിസ്ഫോടനവും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി പത്ത് പേർ മരിച്ചതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണവകുപ്പ്  സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു. കനത്ത മഴയിൽ കേദാർനാഥ് റൂട്ടിലെ കോൺക്രീറ്റ് പാലവും നടപ്പാലവും തകർന്നതിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടുങ്ങികിടക്കുകയാണ്.

ഹിമാചലിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കുളു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.




SCROLL FOR NEXT