വയനാട് പുത്തുമല കാശ്മീർ ദ്വീപുകാർ വലിയ ദുരിതത്തിലാണ്. പുത്തുമലയിൽ നിരവധി കുടുംബങ്ങൾക്ക് പുനരധിവാസത്തിൻ്റെ ഭാഗമായി വീട് ലഭിച്ചിട്ടുണ്ടെങ്കിലും, പ്രളയഭീതിയിൽ കഴിയുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ഇവിടിയെണ്ട്. പ്രളയഭീതിയ്ക്ക് പുറമെ വന്യജീവിശല്യവും കൂടിയതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ദ്വീപിലെ കുടുംബങ്ങൾ.
കള്ളാടി പുഴ രണ്ട് കൈവഴികളിലായി തിരിയുന്ന ഭാഗമാണ് കാശ്മീർ ദ്വീപ് എന്ന ഒറ്റപ്പെട്ട ജനവാസ മേഖല. മഴക്കാലമായാൽ ഇരുഭാഗത്തു നിന്നും വെള്ളം ഉയരും. വീട് പൂർണമായും ഒറ്റപ്പെടും. ഓരോ മഴക്കാലവും ക്യാമ്പുകളിലേക്ക് മാറുകയാണ് കാശ്മീർ ദ്വീപിലെ കുടുംബങ്ങളുടെ പതിവ്. എന്നാൽ അടുത്തിടെ കാട്ടാനയുടെ ശല്യം കൂടി വർധിച്ചതോടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
വീട് നിലനിൽക്കുന്ന ഭൂമിയ്ക്ക് രേഖകളൊന്നും ഇല്ല. ഹാരിസൺ മലയാളം പ്ലാൻ്റേഷൻ്റെ സ്ഥലം കുടിയേറി താമസിച്ച തോട്ടം തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇവർ. ഭൂമിയ്ക്ക് പട്ടയം നൽകാൻ വർഷങ്ങൾക്ക് മുമ്പ് റവന്യു വകുപ്പ് സംയുക്ത സർവേ നടത്തിയിരുന്നു. എന്നാൽ അനുകൂല നടപടികൾ ഉണ്ടായില്ല. പുത്തുമല ഉരുൾപൊട്ടലിൽ വീട് നഷ്ടമായ നിരവധി കുടുംബങ്ങൾക്ക് വീട് ലഭിച്ചിട്ടുണ്ട്. അന്ന് കാശ്മീർ ദ്വീപുകാരെയും പുനരധിവസിപ്പിക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല.