NEWSROOM

നേപ്പാളിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും;14 മരണം, 9 പേരെ കാണാനില്ല

കാണാതായ ആളുകളെ കണ്ടെത്താൻ പൊലീസ് ഊ‍ർജിതമായി അന്വേഷണം നടത്തുന്നുവെന്ന് നേപ്പാൾ പൊലീസ് വക്താവ് ഡാൻ ബഹാദൂർ കാർക്കി എഎഫ്പിയോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

നേപ്പാളിലെ തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും പെട്ട് പതിനാലിലധികം പേ‍ർ മരണപ്പെട്ടു. ഒൻപത് പേരെ കാണാനില്ല എന്നും ദുരന്തനിവാരണ സേന അറിയിച്ചു. അയൽരാജ്യങ്ങളായ ഇന്ത്യയിലും, ബം​ഗ്ലാദേശിലും ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കാണാതായ ആളുകളെ കണ്ടെത്താൻ പൊലീസ് ഊ‍ർജിതമായി അന്വേഷണം നടത്തുന്നുവെന്ന് നേപ്പാൾ പൊലീസ് വക്താവ് ഡാൻ ബഹാദൂർ കാർക്കി എഎഫ്പിയോട് പറഞ്ഞു.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ എല്ലാ വർഷവും, ദക്ഷിണേഷ്യയിലുടനീളം വ്യാപകമായ മരണവും നാശവും വരുത്തിയിട്ടുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ മാരകമായ വെള്ളപ്പൊക്കങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും തോത് വർധിച്ചു. കാലാവസ്ഥാ വ്യതിയാനവും, റോഡ് നിർമാണം വർധിച്ചതും പ്രശ്നം കൂടുതൽ വഷളാക്കിയതായി വിദഗ്ധർ പറയുന്നു.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന താഴ്ന്ന പ്രദേശങ്ങളുള്ള പല ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ, വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ വെള്ളപ്പൊക്കത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർ മരിച്ചതായി അസമിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ മെയ് പകുതി മുതൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 58 ആയി.

ബംഗ്ലാദേശിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി ദുരന്ത നിവാരണ ഏജൻസി പറഞ്ഞു.

SCROLL FOR NEXT