NEWSROOM

വടക്കേ ബംഗ്ലാദേശിൽ വെള്ളപ്പൊക്കം, 40,000 പേരെ മാറ്റി പാർപ്പിച്ചു; മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മെയ് അവസാനം ആരംഭിക്കുന്ന മൺസൂൺ മഴ സമീപ വർഷങ്ങളിൽ ഇന്ത്യയിലും അയൽരാജ്യമായ ബംഗ്ലാദേശിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശില്‍ ദുരിതം വിതച്ച് കനത്ത മഴ. വെള്ളപ്പൊക്കം രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ബംഗ്ലാദേശ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 40,000ത്തോളം ആളുകൾ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്.

മഴ കനത്തതോടെ ബംഗ്ലാദേശിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. തകർന്ന പാലങ്ങളുടെയും അണക്കെട്ടുകളുടെയും ചിത്രങ്ങളും സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രളയബാധിതരെ പരിചരിക്കാനായി 600ലധികം ആളുകളടങ്ങുന്ന മെഡിക്കൽ ടീം സജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു.

മെയ് അവസാനം ആരംഭിക്കുന്ന മൺസൂൺ മഴ സമീപ വർഷങ്ങളിൽ ഇന്ത്യയിലും അയൽരാജ്യമായ ബംഗ്ലാദേശിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്കത്തെ നേരിടാൻ ശീലിച്ചവരാണ് ബംഗ്ലാദേശികൾ. എന്നാൽ ഇത്തവണ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമുയരുന്നത് വളരെ വേഗത്തിലാണെന്നും പ്രദേശവാസികളിൽ പലരും വാഴത്തടി കൊണ്ടടക്കം ചങ്ങാടം നിർമിച്ചാണ് രക്ഷപ്പെടുന്നതെന്നും കാലാവസ്ഥാ വിദഗ്ദനായ ലിയാക്കത്ത് അലി പറഞ്ഞു.

ബംഗ്ലാദേശിൻ്റെ തെക്ക്, മധ്യ മേഖലകളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയുടെ നീരൊഴുക്ക് അടുത്ത ദിവസങ്ങളിൽ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രതീക്ഷ.

ദുരിതം അവസാനിച്ചിട്ടില്ലെന്ന് തന്നെയാണ് വടക്കേ ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന മഴ വ്യക്തമാക്കുന്നത്. എന്നാൽ സാഹചര്യത്തെ നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ദുരന്തനിവാരണ വിഭാഗം മേധാവി റെസ്‌വാനുൽ റഹ്മാൻ വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശിന് വടക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമായ അസമിൽ വെള്ളപ്പൊക്കം കുറഞ്ഞു തുടങ്ങിയതായി അധികൃതർ പറഞ്ഞു. 48,000ത്തോളം ആളുകളാണ് അസമിലെ ക്യാമ്പുകളിൽ കഴിയുന്നത്. ഏകദേശം രണ്ടരലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്.

SCROLL FOR NEXT