ഇടത് നേതാക്കൾക്ക് ധാർഷ്ട്യമെന്നത് മാധ്യമസൃഷ്ടിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ അങ്ങനൊരു വാക്കില്ല. ആളുകൾ വിനയാന്വിതരായി ജനങ്ങളെ സമീപിക്കണമെന്നാണ് പറയുന്നെതന്നും എ വിജയരാഘവൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച എല്ലാ ഭാഗങ്ങളും പരിശോധിക്കും. രാഷ്ട്രീയമായും സംഘടനാപരമായും ആവശ്യമായ തിരുത്തലുകൾ വരുത്തും. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ നേതാക്കളുടെ "ധാർഷ്ട്യം" എന്ന വാക്കില്ല. അത് തീർത്തും മാധ്യമ സൃഷ്ടിയാണ്. എസ്എഫ്ഐക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജയരാഘവൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച സിപിഎം അവലോകന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാർട്ടിയുടെ അടിത്തറ ഇളക്കിയ തോൽവിയാണെന്ന് സമ്മതിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. തിരിച്ചടികൾ മൂൻകൂട്ടി മനസിലാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്നും ബിജെപിക്ക് സംഘടനാ ശേഷിയില്ലാത്ത സ്ഥലങ്ങളിൽ പോലും മുന്നേറ്റമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.