NEWSROOM

വന്യമൃഗശല്യ പ്രതിരോധിക്കാൻ AI; വയനാട്ടിൽ പുതിയ പരീക്ഷണവുമായി വനം വകുപ്പ്

വന്യജീവികൾ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് യഥാസമയം അറിയാനും ത്വരിതഗതിയിൽ നടപടിയെടുക്കാനും ഇനിമുതൽ എഐ സംവിധാനത്തിലൂടെ സാധിക്കും

Author : ന്യൂസ് ഡെസ്ക്

വയനാട് വന്യമൃഗശല്യം പ്രതിരോധിക്കാൻ എഐ സാങ്കേതികവിദ്യയുമായി വനംവകുപ്പ്. പുൽപ്പള്ളി ചെതലത്ത് റെയിഞ്ചിൽ ഇലക്ട്രിക്ക് കവല മുതൽ പുതിയിടം വരെ പത്ത് കിലോമീറ്റർ ദൂരത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ വന്യജീവികൾ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് യഥാസമയം അറിയാനും ത്വരിത ഗതിയിൽ നടപടിയെടുക്കാനും ഇനിമുതൽ  എഐ സംവിധാനത്തിലൂടെ സാധിക്കും. 

വന്യജീവി ആക്രമണം രൂക്ഷമായ പുൽപ്പള്ളിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. മണ്ണിനടിയിലൂടെ ഫൈബർ കേബിളുകൾ സ്ഥാപിച്ച് പ്രകമ്പനകൾ തിരിച്ചറിഞ്ഞാണ് പ്രവർത്തനം നടപ്പിലാക്കുക. ഇതോടൊപ്പം രണ്ട് കിലോമീറ്റർ ഇടവിട്ട് എഐ ക്യാമറകൾ സ്ഥാപിച്ചും നിരീക്ഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വന്യമൃഗങ്ങൾ അടുത്തെത്തുമ്പോൾ അലാറം മുഴക്കുകയും പ്രദേശവാസികൾക്ക് വാട്‌സാപ്പ്, ടെലഗ്രാം വഴി മുന്നറിയിപ്പ് നൽകുകാനും പുതിയ സാങ്കേതിക വിദ്യയെ കൊണ്ട് സാധിക്കും. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലാണ് പദ്ധതിയുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.



എഐ ബേസ്‌ഡ് പെരിമീറ്റർ ഇൻസ്ട്രൂഷൻ ഡിറ്റക്ഷൻ സർവില്യൻസ് ആൻഡ് ഏർലി വാണിംഗ് സിസ്റ്റമാണ് പുൽപ്പള്ളിയിൽ സ്ഥാപിച്ചത്. പുതിയ സംവിധാനത്തിലൂടെ വന്യമൃ​ഗങ്ങളുടെ കടന്ന് വരവ് ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഡിവിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തി, ഉത്തര മേഖല സിസിഎഫ് കെ.എസ്. ദീപ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവരും പരിപാടിയിൽ  പങ്കെടുത്തു.

SCROLL FOR NEXT