NEWSROOM

കാളികാവില്‍ കൂട് സ്ഥാപിക്കാന്‍ അനുമതി തേടി രണ്ട് തവണ കത്തയച്ചു; അനുമതി നല്‍കാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ല

Author : ന്യൂസ് ഡെസ്ക്

മലപ്പുറം കാളികാവിലുണ്ടായ കടുവാ ആക്രമണത്തില്‍ വനംവകുപ്പിന്റേത് ഗുരുതര വീഴ്ച. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണ കത്തയച്ചിരുന്നു.

കൂട് സ്ഥാപിക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയില്ല. കത്തിന്റെ പകര്‍പ്പും പുറത്തു വന്നു.

അതേസമയം, കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. രാവിലെ ഏഴുമണിയോടെയാണ് ദൗത്യം പുനരാരംഭിച്ചത്. നിരീക്ഷണ ക്യാമറകളില്‍ കടുവയുടെ കൂടുതല്‍ ദൃശ്യങ്ങളില്ല. അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറ കൂടി സ്ഥാപിയ്ക്കുമെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാല്‍ പറഞ്ഞു. അതേസമയം, കുങ്കിയാന ആക്രമിച്ച പാപ്പാന്റെ ആരോഗ്യനില തൃപ്തികരമാണ്.

കടുവയെ നിരീക്ഷിക്കുന്നതിനായി 50 ക്യാമറയും രണ്ടുകൂടുകളുമാണ് സ്ഥാപിച്ചിരുന്നത്. അധികമായി അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളും ഒരു കൂടും സ്ഥാപിയ്ക്കും. നിരീക്ഷണ ക്യാമറകളില്‍ കടുവയുടെ കൂടുതല്‍ ദൃശ്യങ്ങളില്ലെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാല്‍ പറഞ്ഞു

തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടെ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പരിക്ക് ഗുരുതരമല്ല. കുങ്കിയാനകളുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ ദൗത്യത്തിന് ഉപയോഗിക്കുകയെന്നും ഡിഎഫ്ഒ പറഞ്ഞു.

SCROLL FOR NEXT