വനം വകുപ്പിൽ കൂട്ടരാജിയെന്ന വാർത്ത തള്ളി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ ഇനിയും ഒന്നും സംഭവിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വെറും വാർത്ത മാത്രമാണ്. ആരും ആരെയും ബ്ലാക്ക് മെയിൽ ചെയ്യുന്നില്ല, എല്ലാം അഭ്യൂഹങ്ങൾ മാത്രമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനെ ചൊല്ലി സംസ്ഥാന വനംവകുപ്പിൽ പൊട്ടിത്തെറിയുണ്ടായെന്ന വാർത്ത പുറത്തെത്തുന്നത്. ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി.എസ്. രഞ്ജിത്തിന്റെ സസ്പെൻഷനിലായിരുന്നു തർക്കം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ നടപടി അകാരണമായാണെന്ന് ചൂണ്ടിക്കാട്ടി രാജിക്ക് ഒരുങ്ങിയിരിക്കുകയാണ് മന്ത്രി ഓഫീസിലെ ഉന്നതൻ. സസ്പെൻഷന് പിന്നിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ ഇടപെടലാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ALSO READ: "ലഹരി വിൽപ്പനയ്ക്ക് അടൂർ നഗരസഭാ ചെയർപേഴ്സണ് സഹായം നൽകുന്നു"; ആരോപണവുമായി സിപിഐഎം കൗൺസിലർ
ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി.എസ് രഞ്ജിത്തിന്റെ സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തുവന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ഏകപക്ഷീയമാണെന്നും പലരുടെയും സമ്മർദങ്ങൾക്കൊടുവിലാണ് വനംവകുപ്പ് മന്ത്രി സസ്പെൻഷൻ നൽകിയതെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പിലെ ഉന്നതരെല്ലാം നടപടിയെ എതിർത്തിരുന്നു. അകാരണമായാണ് സസ്പെൻഷനെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ 14ഓളം പരാതികൾ ഉയർന്നിരുന്നു. ഇതിൽ രണ്ട് കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രഞ്ജിത്ത്. കേസന്വേഷണത്തിന് പിന്നാലെ ഇയാൾക്കെതിരെ ഉദ്യോഗസ്ഥ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ രഞ്ജിത്തിനെതിരെ വനം വകുപ്പിന് റിപ്പോർട്ട് കൈമാറി. രഞ്ജിത്തിനെതിരായ ഉദ്യോഗസ്ഥയുടെ ആരോപണങ്ങൾ പരിശോധിക്കാതെയും ഇയാളുടെ പക്ഷം കേൾക്കാതെയായിരുന്നു വനിതാ കമ്മീഷൻ്റെ നടപടിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ ആരോപണം.