അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ചികിത്സ നൽകുന്നത്. കോടനാട് അഭയാരണ്യത്തിലെ ആനക്കൂട് നിർമ്മാണം ഇന്ന് സംഘം വിലയിരുത്തും. ഇതിന് ശേഷം അരുൺ സഖറിയ അതിരപ്പിള്ളിയിൽ എത്തി ആനയെ നിരീക്ഷിക്കും.
മുറിവേറ്റ കാട്ടാനയെ പിടികൂടാനുള്ള കുങ്കിയാനകൾ കഴിഞ്ഞ ദിവസം തന്നെ പ്രദേശത്തെത്തിയിരുന്നു. ആനയെ മയക്കി പിടികൂടുന്നതിനായാണ് കുങ്കിയാനകളെ എത്തിച്ചത്.മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ ഇന്നലെ ജനവാസ മേഖലയിലെത്തിയിരുന്നു. അതിരപ്പള്ളി കാലടി പ്ലാൻ്റേഷൻ പതിനേഴാം എസ്റ്റേറ്റിലെ വെറ്റിലപ്പാറ ക്ഷേത്രത്തിന് സമീപമാണ് ആന എത്തിയത്.
ചികിത്സ നൽകാനായാണ് വനംവകുപ്പ് ആനയെ പിടികൂടുന്നത്. ആനയെ പിടികൂടുന്നതിന് സഹായത്തിനായാണ് കുങ്കിയാനകളായ കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും അതിരപ്പിള്ളിയിൽ എത്തിച്ചത്. കോടനാട്ടെ അഭയാരണ്യത്തിലെ ആനക്കൂട് ബലപ്പെടുത്താൻ ഉള്ള നടപടികളും ഏതാണ്ട് പൂർത്തിയാകുകയാണ്. ആനയുടെ മുറിവുണങ്ങാതെ വന്നതോടെയാണ് തീരുമാനം. കോടനാട് ആനക്കൂടിന് ബലക്ഷയമുള്ളതിനാല്‍ പുതിയ കൂട് നിര്‍മിച്ച ശേഷം മാത്രമായിരിക്കും ആനയെ പിടികൂടുകയെന്നും. ഇതിനു ശേഷമാകും ആനയ്ക്ക് തുടര്‍ചികിത്സ നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലാണ് കാട്ടാന. മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മയക്കുവെടി വെച്ച് നല്‍കിയ ചികിത്സ ഫലപ്രദമായിരുന്നില്ല. മുറിവിൻ്റെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി അരുണ്‍ സക്കറിയയും സംഘവും വിലയിരുത്തിയിട്ടുണ്ട്. കൂട് നിര്‍മ്മിക്കാന്‍ ആവശ്യമായ യൂക്കാലി മരങ്ങള്‍ മൂന്നാറില്‍ നിന്ന് എത്തിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു.
ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വേഗത്തില്‍ തന്നെ ചികിത്സ ആരംഭിക്കാനായിരുന്നു നീക്കം. മയക്കുവെടി വെച്ച് കോടനാടെ ആനക്കൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനായിരുന്നു പദ്ധതി. ഇതിനായി ഡോ. അരുണ്‍ സക്കറിയയും സ്ഥലത്തെത്തിയിരുന്നു. ചികിത്സയ്ക്കായി ഒന്നരക്കൊല്ലം മുമ്പ് അരിക്കൊമ്പനായി സ്ഥാപിച്ച കൂട് ഉപയോഗിക്കാനായിരുന്നു ആലോചിച്ചിരുന്നത്. ഇതിനായി കൂടിൻ്റെ ബലം പരിശോധിച്ചെങ്കിലും തൃപ്തികരമല്ലായിരുന്നു.