വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി 
NEWSROOM

'ഭീകരതയുടെ ഭരണം'; ടിഡിപിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി

ആന്ധ്രപ്രദേശിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം 1050ലധികം ആക്രമങ്ങളും പ്രക്ഷോഭങ്ങളും നടന്നതായി ജഗൻ മോഹൻ ആരോപിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി(ടിഡിപി)ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. വൈഎസ്ആർസിപി പ്രവർത്തകനായ ഷെയ്ഖ് റാഷിദിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയുടെ കത്ത്. തെരഞ്ഞെടുപ്പിന് ശേഷം അരങ്ങേറിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഏജൻസികളുടെ സഹായവും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ടിഡിപിയുടെയും സഖ്യകക്ഷികളുടെയും 'ഭീകരതയുടെ ഭരണം'  ജനങ്ങൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നെന്നായിരുന്നു വൈഎസ്ആർസിപി നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. ടിഡിപി ഭരണം തുടങ്ങി ഒരു മാസത്തിനകം തന്നെ 31 പേർ കൊല ചെയ്യപ്പെട്ടു. 35 പേർ ജീവനൊടുക്കി. 560 സ്വകാര്യ മേഖലകളും 490 സർക്കാർ സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ഏകദേശം 2700 ആളുകൾക്ക് നാടുവിട്ട് പോകേണ്ടി വന്നു എന്നും റെഡ്ഡി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

കൂടാതെ 1050ലധികം അക്രമങ്ങളും പ്രക്ഷോഭങ്ങളും സംസ്ഥാനത്തുണ്ടായി. ക്രമസമാധാനപാലനത്തിന് ലവലേശം പ്രാധാന്യം നൽകാത്ത ടിഡിപി ഭരണത്തിന് കീഴിലുള്ള സംസ്ഥാനത്തിൻ്റെ അവസ്ഥയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കത്തിൽ പറയുന്നു. വൈഎസ്ആർസിപിയേയും പാർട്ടിയോട് ചായ്‌വുള്ളവരെയും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുകയാണ് ടിഡിപി ലക്ഷ്യമിടുന്നതെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ഇനിയും ഈ നിലയിൽ തുടരാൻ ആന്ധ്രയ്ക്ക് സാധിക്കുകയില്ല. നിലവിലെ ഭരണത്തിൽ ജനാധിപത്യത്തിൻ്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും സംസ്ഥാനത്തെ നിയമവ്യവസ്ഥകൾ പ്രവർത്തനരഹിതമാണെന്നും റെഡ്ഡി പറയുന്നു. ഇതിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയും മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT