ദൈവം തന്നെ ജീവനോടെ നിലനിർത്തിയതിന് ഒരു കാരണമുണ്ടാകുമെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യം വെക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന ദിവസം വരുമെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പാർട്ടി നേതാക്കളും കുടുംബാംഗങ്ങളുമായി സോഷ്യൽ മീഡിയയിൽ സംവദിക്കുന്നതിനിടെയാണ് ഹസീനയുടെ പരാമർശം. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് ഉള്ളത്.
"സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ യൂനുസ് അവാമി ലീഗിലെ അംഗങ്ങൾക്കെതിരെ ക്രൂരമായ പ്രചരണം സംഘടിപ്പിച്ചു. യൂനുസ് ഞങ്ങളുടെ നിരവധി ആളുകളെ കൊന്നിട്ടുണ്ട്" ഷെയ്ഖ് ഹസീന പറഞ്ഞു. ഒരിക്കലും ജനങ്ങളെ സ്നേഹിക്കാത്ത ഒരാളാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ്. അയാൾ ഉയർന്ന പലിശ നിരക്കിൽ ചെറിയ തുകകൾ വായ്പ നൽകി. ആ പണം ഉപയോഗിച്ച് വിദേശത്ത് ആഡംബരപൂർവ്വം ജീവിച്ചു. അന്ന് അയാളുടെ കാപട്യം മനസിലായില്ല. അതിനാൽ യൂനുസിനെ വളരെയധികം സഹായിച്ചു. പക്ഷേ ജനങ്ങള്‍ക്ക് അതൊന്നും പ്രയോജനപ്പെട്ടില്ല. സ്വന്തം നേട്ടത്തിനായാണ് അയാള്‍ പ്രവര്‍ത്തിച്ചത്. ആ പ്രയത്നം അയാളെ അധികാരത്തിലെത്തിച്ചു. അതിപ്പോൾ ബംഗ്ലാദേശിനെ എരിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
വികസനത്തിന്റെ മാതൃകയായ ബംഗ്ലാദേശ് ഇപ്പോൾ ഒരു "ഭീകര രാജ്യമായി" മാറി. അവാമി ലീഗ് പ്രവര്‍ത്തകര്‍, പൊലീസ് സേനാംഗങ്ങള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങി തങ്ങളെ അനുകൂലിക്കുന്നവരെയെല്ലാം അവർ ലക്ഷ്യമിടുന്നു. ബംഗ്ലാദേശിൽ മാധ്യമങ്ങളെ അടിച്ചമർത്തുന്നുണ്ടെന്നും മുൻ പ്രധാനമന്ത്രി ആരോപിച്ചു. ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, കൊള്ളയടിക്കൽ ഒന്നും റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. അത് റിപ്പോർട്ട് ചെയ്താൽ ആ മാധ്യമത്തെ അവർ ലക്ഷ്യമിടുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
"എനിക്ക് എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും എല്ലാവരെയും ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടു. എന്നിട്ടും അവർ ഞങ്ങളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. നഷ്ടപ്പെടലിൻ്റെ വേദന എനിക്കറിയാം. എന്നെ അല്ലാഹു ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ എന്നിലൂടെ എന്തെങ്കിലും നന്മ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നുണ്ടാകാം. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. ഇത് എന്റെ പ്രതിജ്ഞയാണെന്നും" ഷെയ്ഖ് ഹസീന പറഞ്ഞു.