NEWSROOM

1984ലെ സിഖ് വിരുദ്ധ കലാപ കേസ്: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹിയിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്. സിഖ് വിരുദ്ധ കലാപ സമയത്ത് സിഖുകാരായ അച്ഛനേയും മകനേയും തീകൊളുത്തി കൊന്നുവെന്നാണ് കേസ്.


കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കലാപത്തില്‍ സജ്ജന്‍ കുമാര്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുക മാത്രമല്ല, അവര്‍ക്ക് നേതൃത്വം നല്‍കിയെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.


നിലവില്‍ മറ്റൊരു വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന സജ്ജന്‍ കുമാര്‍ ഈ കേസിലെ ശിക്ഷ കൂടി ഏറ്റുവാങ്ങണം. 1984 നവംബര്‍ 1 നാണ് ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ടത്. പഞ്ചാബി ഭാഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. ജസ്വന്ത് സിങ്ങിന്റെ ഭാര്യയാണ് പരാതിക്കാരി. നാലു സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്കും ഭാര്യക്കും പുറമെ അന്നു പതിനാലുകാരിയായ മകളും ഇരുപത്തിയൊന്നുവയസ്സുള്ള മരുമകളും സാക്ഷികളായിരുന്നു.

1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. അമൃത്സറിലെ സിഖുകാരുടെ പുണ്യക്ഷേത്രമായ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഭിന്ദ്രന്‍വാല ഉള്‍പ്പെടെയുള്ള സിഖ് തീവ്രവാദികളെ പിടികൂടാന്‍ 1984 ജൂണില്‍ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് പിന്നാലെയാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്


മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധകലാപം നടന്നത്. ഇതിന്റെ ഭാ?ഗമായി സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ജസ്വന്ത് സിങും മകനും കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തിരുന്നു. ഈ കലാപത്തില്‍ സജ്ജന്‍ കുമാര്‍ ഭാഗമാവുക മാത്രമല്ല അവര്‍ക്ക് നേതൃത്വം നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

SCROLL FOR NEXT