NEWSROOM

ഒന്നും ചെയ്യാനാവാതെ കടിച്ചു തൂങ്ങാനില്ല, ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; സജീവ രാഷ്ട്രീയം വിടുന്നുവെന്ന് അയിഷ പോറ്റി

ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെ. ജനങ്ങളെ സേവിക്കാന്‍ പൊതു പ്രവര്‍ത്തക ആകേണ്ടതില്ലെന്നും അയിഷ പോറ്റി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുമെന്ന് സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് ഒഴിവാകുന്നതെന്ന് അയിഷ പോറ്റി അറിയിച്ചു. ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല, ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെ. ജനങ്ങളെ സേവിക്കാന്‍ പൊതു പ്രവര്‍ത്തക ആകേണ്ടതില്ലെന്നും അയിഷ പോറ്റി പറഞ്ഞു.

കഴിഞ്ഞ ദിവസം അയിഷ പോറ്റിയെ കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു എന്ന് തന്നെയായിരുന്നു വിശദീകരണം. എന്നാല്‍ പാര്‍ട്ടിക്കകത്തുള്ള ഭിന്നതകളെ തുടര്‍ന്നാണ് മാറി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. എംഎല്‍എയായിരിക്കെ മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടന പരിപാടികളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നും സൂചനയുണ്ട്.

നിലവില്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ആണ്. അയിഷ പോറ്റി കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ മൂന്ന് തവണ പ്രതിനിധീകരിച്ചിട്ടുണ്ട്. എംഎല്‍എ കാലാവധിക്ക് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്നും അയിഷ പോറ്റി മാറി നിന്നിരുന്നു.

SCROLL FOR NEXT