NEWSROOM

സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ല, ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമമുള്ളത് കൊണ്ട്: കെ. കെ. ശൈലജ

മുൻനിര പോരാളികളെ സംരക്ഷിക്കുകയല്ലേ പ്രഥമ ഉത്തരവാദിത്തമെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും, പിപിഇ കിറ്റിന് വില വര്‍ധിച്ചപ്പോള്‍ ഉയര്‍ന്ന തുക നല്‍കി വാങ്ങിയിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. ഇപ്പോൾ ഉയർന്നു വരുന്ന വിവാദങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും ശൈലജ വ്യക്തമാക്കി.

ക്ഷാമം ഉള്ളതു കൊണ്ടാണ് ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയത്. ക്വാളിറ്റിയുള്ള കിറ്റുകൾ നോക്കി വാങ്ങണമായിരുന്നു. മുൻനിര പോരാളികളെ സംരക്ഷിക്കുകയല്ലേ പ്രഥമ ഉത്തരവാദിത്തമെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. ഇത്ര വലിയ ഡിസാസ്റ്റർ വന്ന് ആളുകൾ മരിക്കുമെന്ന സ്ഥിതി വന്നപ്പോൾ എങ്ങനെയാണ് സർക്കാരും ഡിപ്പാർട്ട്മെൻ്റും പ്രവർത്തിച്ചത് എന്ന് പരിശോധിച്ചാൽ വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

"ഞാൻ അസംബ്ലിയിൽ ഉള്ളപ്പോൾ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ആ സമയത്ത് തന്നെ എന്താ സംഭവിച്ചതെന്ന കാര്യത്തിൽ മറുപടി പറഞ്ഞതാണ്. ലോകായുക്തയ്ക്ക് പരാതി നൽകിയ സമയത്തും കൃത്യമായി മറുപടി പറഞ്ഞതാണ്. ഈ സക്കാർ അധികാരത്തിൽ വന്നപ്പോഴും പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി വളരെ വ്യക്തമായി മറുപടി നൽകിയിരുന്നു", കെ. കെ. ശൈലജ പറഞ്ഞു. ലക്ഷക്കണക്കിന് പിപിഇ കിറ്റ് വാങ്ങിയിരുന്നു, അതിൽ 15000 പിപിഇ കിറ്റുകൾ മാത്രമാണ് കൂടിയ വില കൊടുത്ത് വാങ്ങിയത്. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. സാഹചര്യത്തിൻ്റെ ഗാരവം കേരളത്തിലെ ജനങ്ങൾ മറന്നുപോകില്ലെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ശരിവെച്ചാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. . പിപിഇ കിറ്റ് ക്രമക്കേടില്‍ സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും ഇന്ന് നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.



കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് മറ്റൊരു കമ്പനിയില്‍ നിന്ന് അതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിച്ചത്. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും പിപിഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.


SCROLL FOR NEXT