NEWSROOM

ഡയറക്ട് മാർക്കറ്റിംഗ് കമ്പനികളിലെ തൊഴിൽ പീഡനം:'താനും ട്രെയിനികളെ പീഡിപ്പിച്ചു, ടാർഗറ്റ് നേടാത്തവരെ പീഡിപ്പിച്ചത് ഹുബൈലിന്റെ നേതൃത്വത്തിൽ'; പ്രതി മനാഫ്

ടാർഗറ്റ് പൂർത്തിയാക്കാത്തവർക്കുള്ള പീഡനങ്ങൾ പരിശോധിക്കാൻ പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും മനാഫ് ന്യൂസ് മലയാളത്തോട് തുറന്നുപറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ടാർഗറ്റ് തൊഴിൽ പീഡനം നടത്തിയതായി സമ്മതിച്ച് കെൽട്രോ ഗ്രൂപ്പ്‌ മുൻ മാനേജർ മനാഫ്. പെരുമ്പാവൂരിലെ ഓഫീസിൽ ജീവനക്കാരെ പീഡിപ്പിച്ചു. ടാർഗറ്റ് പൂർത്തിയാക്കാത്തവർക്കുള്ള പീഡനങ്ങൾ പരിശോധിക്കാൻ പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും മനാഫ് ന്യൂസ് മലയാളത്തോട് തുറന്നുപറഞ്ഞു.


കൊച്ചിയിലെ തൊഴിൽ പീഡനം പെരുമ്പാവൂരിൽ മാത്രമല്ല നടന്നതെന്നും മനാഫ് പറയുന്നു. തിങ്കളാഴ്ചകളിൽ പെരുമ്പാവൂരിലെ കെൽട്രോ ഗ്രൂപ്പ്‌ ആസ്ഥാനത്ത് വെച്ചു ഹുബൈലിന്റെ നേതൃത്വത്തിൽ പീഡനം നടന്നു. ബാക്കി ദിവസങ്ങളിൽ താനുൾപ്പെടെയുള്ള മാനേജർമാരുടെ നേതൃത്വത്തിലും പീഡനം നടന്നിട്ടുണ്ട്. രാവിലെ 7 മണി മുതൽ രാത്രി 10 മണിക്ക് കിടന്നുറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യണമെന്നായിരുന്നു നിർദേശമെന്നും മനാഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.


രാവിലെ ഭക്ഷണം കഴിക്കുന്ന വീഡിയോ, മീറ്റിങ് അറ്റൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ, പീഡന ദൃശ്യങ്ങൾ എന്നിവയെല്ലാം ഈ ഗ്രൂപ്പിൽ പങ്കുവെക്കണം. അത്തരത്തിലൊരു വീഡിയോയാണ് താൻ സേവ് ചെയ്തതെന്നും മനാഫ് പറയുന്നു. ഈ ദൃശ്യങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. 

അതേസമയം തൊഴിൽ പീഡനത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനം പ്രതി പുറത്തുവരുന്നത്. എച്ച്പിഎല്ലിൻ്റെ ഫ്രാഞ്ചൈസിയായ കെൽട്രോയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സുബീഷ് തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. കെൽട്രോയിലെ ബ്രാഞ്ച് മാനേജർ ഹുബൈലാണ് മകനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് അമ്മ സിന്ധു ആരോപിക്കുന്നത്. ഹുബൈൽ ട്രെയിനിംഗിന് എത്തിയ കുട്ടികളെ കൊണ്ട് ചെരുപ്പ് വരെ നക്കിച്ചിരുന്നു എന്ന് മകൻ പറഞ്ഞതായി അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.



ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിലെ കൊടിയ തൊഴിൽ പീഡനങ്ങളെ കുറിച്ച് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാറും വെളിപ്പെടുത്തലുകൾ നടത്തി. മൂന്ന് വർഷത്തോളം ഈ കമ്പനിയിൽ ജോലി ചെയ്തു ഒടുവിൽ ഭീഷണി സഹിക്കാനാകാതെ അത് ഉപേക്ഷിച്ച് വന്നതാണ് അരുൺ.



"അന്നത്തെ സീനിയർ മാനേജർ തിരുവല്ല പാണ്ടനാട് സ്വദേശി രാകേഷിൻ്റെ ബ്രാഞ്ചിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നതാണ്. ആദ്യ പ്രളയത്തെ തുടർന്ന് എനിക്കൊരു ആക്സിഡൻ്റ് സംഭവിക്കുകയും അവിടെ നിന്ന് എനിക്ക് പോരേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. അന്ന് എന്നെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. നാട്ടിൽ വന്ന് തല്ലുമെന്നും കൈയ്യും കാലുമൊടിക്കുമെന്നും ഭീഷണിപ്പെടുത്തി," അരുൺകുമാർ പറഞ്ഞു.

SCROLL FOR NEXT