NEWSROOM

'ബെറോസ്ഗര്‍ നേതാ'... തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യൂട്യൂബറായി ഡല്‍ഹി എഎപി മുന്‍ മന്ത്രി സൗരഭ് ഭരദ്വജ്

ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഭരദ്വജ്. ഇത്തവണ ബിജെപി നേതാവ് ശിഖ റോയിയോട് അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യൂട്യൂബറായി മുന്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വജ്. തൊഴില്‍രഹിത രാഷ്ട്രീയക്കാരന്‍ എന്നര്‍ഥം വരുന്ന 'ബെറോസ്ഗര്‍ നേതാ' എന്നാണ് ഭരദ്വജിന്റെ പുതിയ യൂട്യൂബ് ചാനലിന്റെ പേര്.

യൂട്യൂബ് ചാനലിലൂടെ ജനങ്ങളുമായി ദിവസവും സംവദിക്കുമെന്നാണ് ഭരദ്വജ് പറയുന്നത്. അദ്ദേഹം പങ്കുവെച്ച ആദ്യ വീഡിയോയില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം തന്റെ ജീവിതത്തെ മാറ്റിയതെന്നും തന്നെ ഒരു തൊഴില്‍ രഹിത നേതാവാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറയുമില്ലാതെ നേരിട്ട് ഉത്തരം നല്‍കാനുമുള്ള വേദിയായാണ് യൂട്യൂബിനെ കാണുന്നതെന്നാണ് സൗരഭ് ഭരദ്വജ് പറയുന്നത്.

'മെസ്സേജുകളായും ഫോണ്‍ കോളുകളായും ആളുകള്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജീവിതം എങ്ങനെയാണ് മാറിയതെന്ന് അവരുമായി പങ്കുവെക്കണമെന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങളോടും എനിക്ക് പ്രതികരിക്കണമെന്നുണ്ട്. അതുകൊണ്ട് എന്റെ പ്ലാറ്റ്‌ഫോമില്‍ ജോയിന്‍ ചെയ്യൂ,' ഭരദ്വജ് പറഞ്ഞു.

ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഭരദ്വജ്. ഇത്തവണ ബിജെപി നേതാവ് ശിഖ റോയിയോട് അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു.ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഭരദ്വജ്. ഇത്തവണ ബിജെപി നേതാവ് ശിഖ റോയിയോട് അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു. 3000 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആംആദ്മി പാര്‍ട്ടിക്ക് കനത്ത തോല്‍വിയാണ് ഡല്‍ഹിയില്‍ നേരിടേണ്ടി വന്നത്. അരവിന്ദ് കെജ്‌രിവാള്‍, സോംനാഥ് ഭാരതി, മനീഷ് സിസോദിയ എന്നിവരടക്കം പ്രധാനപ്പെട്ട നേതാക്കളും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

SCROLL FOR NEXT