NEWSROOM

മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മെയ്തി വിഭാഗക്കാരിയായ ചാരുബാല ഹോകിപ് (59) ആണ് കുകി-സോമി അധീശമേഖലയായ എകൗ മുലാമിൽ കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിലെ സൈക്കുളിൽ നിന്നുള്ള മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കാംഗ്പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് വിവരം പുറത്തുവന്നത്.



മെയ്തി വിഭാഗക്കാരിയായ ചാരുബാല ഹോകിപ് (59) ആണ് കുകി-സോമി അധീശമേഖലയായ എകൗ മുലാമിൽ കൊല്ലപ്പെട്ടത്. വീട്ടിലെ മാലിന്യങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്ന എൽഇഡി ബോംബ് സംസ്കരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് കാംഗ്പോക്പിയിലെ ഒരു പൊലീസ് മേധാവി പറഞ്ഞതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.



വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചാരുബാലയാണ് മാലിന്യങ്ങൾക്ക് തീയിട്ടതെന്നാണ് വിവരം. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സ്ഫോടനത്തിൽ കുടുംബ തർക്കമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുൻ എംഎൽഎ അമ്മാവൻ്റെ കൊച്ചുമക്കളുടെ വീടിനോട് ചേർന്ന് അൽപ്പം സ്ഥലം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇവർക്കിടയിൽ തർക്കവുമുണ്ടായിരുന്നു. ഈ സംഭവത്തിൽ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

SCROLL FOR NEXT