NEWSROOM

സിറിയയില്‍ വിമത സർക്കാരിന് അധികാരം കൈമാറുന്നതിന് സമ്മതമറിയിച്ച് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി

കഴിഞ്ഞ ദിവസമാണ് തഹ്‌രീർ അൽ ഷാം സിറിയ പിടിച്ചെടുത്തത്

Author : ന്യൂസ് ഡെസ്ക്

സിറിയയില്‍ വിമതർക്ക് അധികാരം കൈമാറാൻ സമ്മതമറിയിച്ച് പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. വിമതരുടെ 'വിമോചന സർക്കാരിന്' അധികാരം കൈമാറുന്നതിന് ജലാലി സമ്മതിച്ചതായി അല്‍ അറേബ്യ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. വരും മാസങ്ങളിൽ പരിവർത്തന സർക്കാരിനെ നയിക്കാൻ അൽ-ജലാലി ദമാസ്‌കസിൽ തുടരുമെന്ന് വിമത ആക്രമണത്തിന് നേതൃത്വം നൽകിയ തഹ്‌രീർ അൽ ഷാം മേധാവി അബു മുഹമ്മദ് അൽ ഗോലാനി വ്യക്തമാക്കിയിരുന്നു. അപ്പോഴാണ് ജലാലിയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

കഴിഞ്ഞ ദിവസമാണ് തഹ്‌രീർ അൽ ഷാം സിറിയ പിടിച്ചെടുത്തത്. നവംബറില്‍ തുർക്കി അതിർത്തി പ്രദേശത്തുള്ള ഇദ്‌ലിബ് പിടിച്ചെടുത്തുകൊണ്ടാരംഭിച്ച വിമതമുന്നേറ്റമാണ് ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിന്‍റെ പതനത്തില്‍ കലാശിച്ചത്. തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളയുകയായിരുന്നു. സൈന്യത്തിന്‍റെ പിന്മാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള ആദ്യ റിപ്പോർട്ടുകള്‍ തള്ളിയെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയന്‍ ഭരണകൂടം അടിയറവ് പറഞ്ഞു. പിന്നാലെ ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെ പ്രസിഡന്‍റ് ബഷർ അല്‍ അസദ് രാജ്യം വിട്ടു. 

റഷ്യയാണ് അസദിനും കുടുംബത്തിനും അഭയം നല്‍കിയത്. മാനുഷിക കാരണങ്ങളാലാണ് അഭയം നല്‍കുന്നതെന്നാണ് റഷ്യയുടെ വിശദീകരണം.

SCROLL FOR NEXT