ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്കർ തൃശൂരിൽ വെച്ച് അറസ്റ്റിലായി. ഇയാൾ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വിജയ ഭാസ്കറിനൊപ്പം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വിലങ്ങന്നൂരിലെ വാടക വീട്ടിൽ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.
പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് തമിഴ്‌നാട് സിബിസിഐഡി സംഘം മുൻമന്ത്രിയെ അറസ്റ്റ് ചെയ്തത്. പ്രകാശ് എന്ന വ്യക്തിയുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രി അടക്കമുള്ള എട്ടു പേർ ശ്രമിച്ചെന്നാണ് കേസ്. അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.