NEWSROOM

മുൻ ഉദുമ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു.  പയ്യന്നൂർ സ്വദേശിയായ കെ.പി കുഞ്ഞിക്കണ്ണൻകഴിഞ്ഞ രണ്ട് ആഴ്ചയായി വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. രാവിലെ 10.30 ന് കണ്ണൂർ ഡി സി സി യിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം പയ്യന്നൂരിലേക്ക് കൊണ്ടുപോകും

സെപ്റ്റംബർ നാലിന് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്നു കുഞ്ഞിക്കണ്ണൻ. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശ്വാസതടസത്തെത്തുർന്ന് 16 നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആനിടിൽ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്റ്റംബർ 9നാണ് കെ.പി.കുഞ്ഞിക്കണ്ണൻ ജനിച്ചത്. പിതാവ് കുഞ്ഞമ്പു പൊതുവാൾ സംസ്കൃത പണ്ഡിതനായിരുന്നു. കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു കുഞ്ഞിക്കണ്ണൻ. കുഞ്ഞിക്കണ്ണനെ കോൺഗ്രസ്സിലേക്ക് കൊണ്ട് വന്നതും കരുണാകാരനാണ്. കരുണാകരൻ പാർട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ ഒപ്പം ചേർന്നിരുന്നു.കോൺഗ്രസിന്റെ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത ചുമതലകൾ നിർവഹിച്ച വ്യക്തിയാണ് കെ. പി. കുഞ്ഞിക്കണ്ണൻ.

1977ൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായി. 1980 ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കുള്ള ആദ്യ മത്സരം. എന്നാൽ വിജയിച്ചത് 1987ൽ ഉദുമ മണ്ഡലത്തിൽ നിന്നാണ് . 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചു. കാസർകോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായും സേവനം അനുഷ്‌ഠിച്ചു.

SCROLL FOR NEXT