ജി.കെ. പിള്ള 
NEWSROOM

'ഹെഡ്‌ലിയെ വിട്ടുതരാതെ വിശ്വാസവഞ്ചന കാണിച്ചു'; മുംബൈ ഭീകരാക്രമണ കേസിലെ യുഎസ് സമീപനത്തെ വിമർശിച്ച് മുൻ‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

2008 ലെ മുംബൈ ഭീകരാക്രമണ സമയത്തും പിന്നീട് ഹെഡ്‌ലിയുടെ അറസ്റ്റ് സമയത്തും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു മലയാളിയായ ജി.കെ. പിള്ള

Author : ന്യൂസ് ഡെസ്ക്

മുംബൈ ഭീകരാക്രമണക്കേസിൽ യുഎസ് സ്വീകരിച്ച സമീപനത്തെ വിമർശിച്ച് മുൻ‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള. തഹാവുർ റാണ ചെറിയ കളിക്കാരനാണെന്നും ബുദ്ധികേന്ദ്രം ഡേവിഡ് കോൾമാൻ ഹെഡ്‌ലിയായിരുന്നുവെന്നും ജി.കെ. പിള്ള അഭിപ്രായപ്പെട്ടു. ഹെഡ്‌ലിയെ വിട്ടുതരാൻ തയ്യാറാകാതെ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്നും മുൻ‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ആഭ്യന്തര സെക്രട്ടറിയുടെ ഈ പരാമർശം.


മുംബൈ ഭീകരാക്രമണമടക്കമുള്ള ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയവരിൽ പ്രധാനി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണ്. ഇതിന്റെ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. യുഎസ് - പാക് ഡബിൾ ഏജന്റായിരുന്നു ഹെഡ് ലി. ഇയാളെ വിട്ടുനൽകാൻ യുഎസ് തടസം നിന്നു - ജി.കെ. പിള്ള പറഞ്ഞു. റാണയുടെ പാക് ബാല്യകാല സുഹൃത്തായിരുന്ന ഹെഡ് ലി കൊടും ഭീകരവാദിയാണ്. ഹെഡ് ലിയ്ക്ക് ഇന്ത്യയിലെത്തി ഭീകരപ്രവർത്തനം നടത്താൻ ചില സഹായങ്ങൾ റാണ ചെയ്തു കൊടുത്തുവെന്നും പിള്ള ആരോപിച്ചു.

2009 ൽ യുഎസിൽ അറസ്റ്റിലായ ഹെഡ്‌ലിയെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഹെഡ്‌ലിയെ വിട്ടുകിട്ടുന്ന കാര്യത്തിൽ ഇന്ത്യയോട് നിഷേധാത്മകമായ സമീപനം യുഎസ് പുലർത്തി. ഇന്ത്യാ വിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് ഹെഡ്‌ലിക്കെതിരെ തെളിവുണ്ടായിരുന്നു. എന്നാൽ അമേരിക്ക വിശ്വാസവഞ്ചന നടത്തിയെന്നും ജി.കെ. പിള്ള വിമർശിച്ചു.

രാജ്യത്തെ ഞെട്ടിച്ച, 166 പേരുടെ മരണത്തിന് ഇടയാക്കിയ, 2008 ലെ മുംബൈ ഭീകരാക്രമണ സമയത്തും പിന്നീട് ഹെഡ്‌ലിയുടെ അറസ്റ്റ് സമയത്തും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു മലയാളിയായ ജി.കെ. പിള്ള. ഹെഡ്‍‌ലിയുടെ പാസ്പോർട്ടിൽ പാകിസ്താനിയായ പിതാവിന്റെ വിവരങ്ങൾ ഇല്ലായിരുന്നു. അമേരിക്കക്കാരിയായ മാതാവിന്‍റ വിവരങ്ങളാണുണ്ടായിരുന്നത്. അതുകൊണ്ട് സംശയത്തിനിടയില്ലാതെ യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് പലതവണ ഹെഡ്‌ലി ഇന്ത്യയിലെത്തി.പാകിസ്താനിലേക്കും പലതവണ യാത്ര നടത്തി. എന്നാൽ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽ ഇത് വന്നില്ലെന്നും റാണയുടെ പങ്ക് ഈ കേസിൽ താരതമ്യേന ചെറുതാണെന്നും പിള്ള വ്യക്തമാക്കി.

SCROLL FOR NEXT