ഫോര്‍മുല വണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ളവരുടെ മനസ്സില്‍ ആദ്യം എത്തുന്ന പേര് മൈക്കല്‍ ഷൂമാക്കറിന്റേതാകും. പൊതു ഇടത്തില്‍ നിന്നും പൂര്‍ണമായും അദൃശ്യനാണെങ്കിലും ഷൂമാക്കറിനെ കുറിച്ചുള്ള അന്വേഷണങ്ങളും വാര്‍ത്തകളും ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവറായാണ് കരുതപ്പെടുന്നത്. എന്താണ് ലോക പ്രശസ്തനായ ജര്‍മ്മന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ക്ക് സംഭവിച്ചത്.
2013 ഡിസംബര്‍ 29 ന് ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തോടെയാണ് ഷൂമാക്കറുടെ ജീവിതം മാറിമറിയുന്നത്. അതിവേഗ കാറോട്ടക്കാരന്‍ നിശ്ചലനായി. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു ഏറെക്കാലം. ഇതുവരെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകര്‍ക്കോ പുറംലോകത്തിനോ യാതൊരു അറിവുമില്ല. പൊതുവേദികളില്‍ നിന്നും അദ്ദേഹം പൂര്‍ണമായി പിന്‍വാങ്ങി. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ അദ്ദേഹത്തെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കുടുംബം പുറത്തുവിടുന്നില്ല.
എന്നാല്‍, പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഷൂമാക്കര്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. മകള്‍ ജിനയുടെ വിവാഹത്തിനാണ് ഷൂമാക്കര്‍ പങ്കെടുത്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മകളുടെ വിവാഹം സ്‌പെയിനിലെ മല്ലോര്‍ക്കയിലെ വില്ലയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് എത്തിയവര്‍ക്ക് ചടങ്ങിലെ ഫോട്ടോകള്‍ പകര്‍ത്തുന്നതിന് കര്‍ശനമായ വിലക്കുണ്ടായിരുന്നു.
ഇതിനിടയിലും അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതും പുറത്തു വന്നുകൊണ്ടിരുന്നു. നിലവിലെ ആല്‍പൈന്‍ എഫ്1 ടീം സൂപ്പര്‍വൈസര്‍ ഫ്‌ലാവിയോ ബ്രിയറ്റോറിന്റെ ഭാര്യ എലിസബത്ത് ഗ്രിഗോറാസി അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തി.
2013 ലെ അപകടത്തിനു ശേഷം ഷൂമാക്കര്‍ സംസാരിച്ചിട്ടില്ലെന്നതാണ് എലിസബത്ത് പറഞ്ഞത്. കാര്യങ്ങള്‍ പറയുന്നത് കണ്ണുകളിലൂടെയാണ്. വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് അദ്ദേഹത്തെ കാണാനുള്ള അനുമതിയുള്ളത്. ഇവർ ആരൊക്കെയാണെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ഇറ്റാലിയന്‍ റിയാലിറ്റി ടിവി ഷോ ആയ 'ഗ്രാന്‍ഡ് ഫ്രാറ്റെല്ലോ'യിലാണ് എലിസബത്തിന്റെ വെളിപ്പെടുത്തല്‍.
അപകടത്തിനു പിന്നാലെ, ഷൂമാക്കറിന്റെ ഭാര്യ മൈക്കള്‍ കൊറിന്നാ ബെറ്റ്ചി അദ്ദേഹവുമായി സ്‌പെയിനിലേക്ക് താമസം മാറി. അവിടെ ബംഗ്ലാവ് വാങ്ങി അതിനുള്ളില്‍ തന്നെ ഒരു ആശുപത്രി ഒരുക്കി. ഇവിടെയാണ് ഷൂമാക്കറും കുടുംബവും താമസിക്കുന്നതും ചികിത്സ നടക്കുന്നതും. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെറസില്‍ നിന്നുമാണ് ബംഗ്ലാവ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതി മോശമാണന്ന് മുന്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വെളിപ്പെടുത്തിയിരുന്നു. സ്വാകാര്യതയെ ബാധിക്കാതിരിക്കാനാണ് കുടുംബം ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമക്കിയിരുന്നു.