NEWSROOM

ഫോർട്ട് കൊച്ചി പപ്പാഞ്ഞി വിവാദം അവസാനിക്കുന്നു; ഉപാധികളോടെ കത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് കോടതി നിർദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് നടപടി.

പപ്പാഞ്ഞി വിവാദത്തിൽ ഗാലാ ഡി കൊച്ചിയുടെ പ്രവർത്തകരെ വിളിച്ച് വരുത്തി കത്തിക്കാൻ അനുമതി നൽകില്ലെന്ന് ഇന്നും പൊലീസ് അറിയിച്ചിരുന്നു. കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്നായിരുന്നു പൊലീസ് നൽകിയ നിർദേശം.

പൊലീസ് വിലക്കിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ തവണയും ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. 2023 അവസാനം വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും, അത് അവിടെ നിന്ന് പൊളിച്ചു നീക്കണമെന്നും സബ് കളക്ടർ കെ. മീര നിർദേശിച്ചിരുന്നു. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ബുദ്ധിമുട്ടും, ജനങ്ങളുടെ സുരക്ഷയും അപകടസാധ്യതയും കൂടി കണക്കിലെടുത്തായിരുന്നു ഈ പപ്പാഞ്ഞിയെ നീക്കണമെന്ന് ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ സബ് കളക്ടർക്ക് കത്ത് നൽകിയത്. ഗാല ഡി ഫോർട്ട് കൊച്ചി നിർമിച്ച വിരൂപമായ പപ്പാഞ്ഞി കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളേറ്റു വാങ്ങിയിരുന്നു.

SCROLL FOR NEXT