NEWSROOM

കാഫിർ സ്ക്രീൻ ഷോട്ടില്‍ പൊലീസ് കള്ളക്കളി നടത്തുന്നു; യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്ന് പി.എം.എ. സലാം

പൊലീസിൻ്റെ ഈ നീക്കം തുടർന്നാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സലാം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്  മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി  പി.എം.എ സലാം. പൊലീസിൻ്റെ ഈ നീക്കം തുടർന്നാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സലാം പറഞ്ഞു.  കേസില്‍ കാസിം അല്ല പ്രതി എന്ന് കണ്ടെത്തിയ സ്ഥിതിക്ക് യഥാർത്ഥ പ്രതിയെ കണ്ടെത്തണം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും സലാം പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പീഡനാരോപണത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉയരുന്ന ആരോപണങ്ങളിലും പി.എം.എ സലാം പ്രതികരിച്ചു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും സംസ്ഥാന സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ പറ്റാത്ത ഏജന്‍സി കേസ് അന്വേഷിക്കണമെന്നും സലാം ആവശ്യപ്പെട്ടു.

വടകര നിയോജക മണ്ഡലത്തില്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിൻ്റെ പേരിലുള്ള വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഇങ്ങനെയൊരു സ്‌ക്രീന്‍ഷോട്ട് അയച്ചിട്ടില്ലെന്നും തന്നേയും യുഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്താന്‍ മറ്റാരോ സൃഷ്ടിച്ചതാണെന്നും കാസിം വ്യക്തമാക്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍, സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടത് സൈബർ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവായ റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.

അതേസമയം, വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. വ്യാജ രേഖ ചമച്ചതിനുള്ള IPC 468, 471 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത് ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെയാണ്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

SCROLL FOR NEXT