72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുനെ കണ്ടെത്തിയപ്പോൾ, ബാക്കിയാകുന്നത് ചില നൊമ്പരക്കാഴ്ചകളാണ്. പുഴയിൽ നിന്നും കരക്കടുപ്പിച്ച് ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തിയത് മകൻ്റെ കളിപ്പാട്ടം, ബാഗ്, ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ തുടങ്ങിയവയാണ്. മകൻ്റെ കളിപ്പാട്ടം ക്യാബിനു മുന്നിൽ വച്ചുകൊണ്ടാണ് അർജുൻ യാത്ര ചെയ്തിരുന്നത്. ഇന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ നിന്ന് ഒരു അസ്ഥികഷണവും കണ്ടെത്തിയിട്ടുണ്ട്.
Also Read: ലോകമെമ്പാടുമുള്ള മലയാളികൾ ഒപ്പം നിന്നു; കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു
മകനുവേണ്ടി അർജുൻ ഇതിനു മമ്പു വാങ്ങിയ കളിപ്പാട്ടമാണെന്നും ഈ പ്രാവിശ്യത്തെ യാത്രക്ക് കളിപ്പാട്ടവും കൂടെ കൊണ്ടുപോയിരുന്നതായി അനിയന്‍ അഭിജിത്ത് പറയുന്നു. ക്യാബിനു മുന്നിലെ ചെളി നീക്കം ചെയ്തപ്പോഴാണ് കളിപ്പാട്ടം കണ്ടെത്തിയത്. ഇന്നലെയാണ് ഗംഗാവലിപ്പുഴയിൽ നിന്നും അർജുൻ്റെ ലോറി കണ്ടെത്തിയത്. അതിൽ നിന്നും അഴുകിയ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. ക്യാബിനിൽ നിന്ന് കണ്ടെത്തിയത് അർജുൻ തന്നെയാണെന്ന് സ്ഥീരികരിക്കുന്നതിനായി ഡിഎൻഎ പരിശോധനയടക്കം നടക്കും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
അതേസമയം, അർജുനെ വീട്ടുമുറ്റത്ത് തന്നെ അന്ത്യ വിശ്രമം ഒരുക്കാൻ തയാറാവുകയാണ് കുടുംബം. അർജുൻ പണിത വീടായതിനാൽ മകൻ ഇവിടെ തന്നെ വേണമെന്ന അച്ഛൻ്റെ ആഗ്രഹം കൂടി കണക്കിലെടുത്താണ് തീരുമാനം.