NEWSROOM

ലഖ്‌നൗവിലെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധ; നാല് കുട്ടികള്‍ മരിച്ചു

ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഗുരുതരമായ നിര്‍ജലീകരണം സംഭവിച്ചിരുന്നതായി ഡോ. രാജീവ് കുമാര്‍ ദീക്ഷിത് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ലഖ്‌നൗവിലെ പുനരധിവാസ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് നാല് കുട്ടികള്‍ മരിച്ചു. 20ലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റത്.

12നും 17നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ലഖ്‌നൗ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിശാഖ് ജി പിടിഐയോട് പറഞ്ഞു. ഇവരുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് പുനരധിവാസ കേന്ദ്രത്തിലുള്ളത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഗുരുതരമായ നിര്‍ജലീകരണം സംഭവിച്ചിരുന്നതായി ഡോ. രാജീവ് കുമാര്‍ ദീക്ഷിത് പറഞ്ഞു. രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി 16 പേരുടെ നില തൃപ്തികരമാണ്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഫുഡ് സേഫ്റ്റി വകുപ്പ് ആശുപത്രിയിലെത്തി ചികിത്സയിലുള്ള കുട്ടികളെ സന്ദര്‍ശിച്ചു. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കും.



SCROLL FOR NEXT