നാല് ദിവസമായിട്ടും കുടിവെള്ളം കിട്ടാതെ തലസ്ഥാനനഗരം. ജല അതോറിറ്റി പമ്പിംഗ് താൽക്കാലികമായി നിർത്തിയതോടെ തിരുവനന്തപുരം നഗരത്തിൽ ഇന്നും ജലവിതരണം മുടങ്ങി. ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിംഗ് അൽപ സമയത്തിന് ശേഷം വീണ്ടും നിലക്കുകയായിരുന്നു. വൈകിട്ട് നാലോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മന്ത്രി വി. ശിവൻകുട്ടി മേലാറന്നൂർ സിഐടി റോഡിലെ റെയിൽവേ ക്രോസിന് സമീപം പണി നടക്കുന്ന സ്ഥലം സന്ദർശിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം നിലച്ചത്. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നായിരുന്നു പമ്പിംഗ് നിർത്തിയത്. നാല് ദിവസം കഴിഞ്ഞും വെള്ളമില്ലാതായതോടെ ജനങ്ങൾ ദുരിതത്തിലായി. അലൈൻമെൻ്റ് ജോലികൾ തീർന്നിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി നൽകുന്ന വിശദീകരണം. ഉച്ചയോടെ ജോലികൾ തീർക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ പണിമുടക്ക്: ചരക്ക് നീക്കത്തിലും പ്രതിസന്ധി
വൈകീട്ട് നാലുമണിയോടെ നഗരത്തിലെ കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. ലീക്കിനെ തുടർന്നുള്ള അറ്റകുറ്റ പണികൾക്ക് 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നു. ഇത് സാങ്കേതിക തടസ്സങ്ങൾ മൂലമാണ് സംഭവച്ചിത്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും ജനങ്ങൾ ഈ പ്രശ്നം മനസിലാക്കുമെന്ന് കരുതുന്നു എന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പമ്പിംഗ് പൂർണമായും പുനഃസ്ഥാപിക്കുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ മന്ത്രി വി. ശിവൻകുട്ടി യോഗം വിളിച്ച് പ്രശ്ന പരിഹാരം ചർച്ച ചെയ്തിരുന്നു.