NEWSROOM

ടൊവിനോ അടക്കം നാല് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജിവെച്ചില്ല; പിരിച്ചുവിടാനുള്ള തീരുമാനം മോഹന്‍ലാലിന്റേത്

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടൊവിനോ തോമസ്, സരയു, വിനു മോഹന്‍, അനന്യ എന്നിവരാണ് രാജിവെക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ AMMA യിലെ കൂട്ടരാജിയില്‍ വിയോജിപ്പ്. കൂട്ടരാജിയില്‍ ഭാഗമാകാതെ നാല് പേര്‍ മാറിനിന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടൊവിനോ തോമസ്, സരയു, വിനു മോഹന്‍, അനന്യ എന്നിവരാണ് രാജിവെക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചത്. കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം പ്രസിഡന്റ് മോഹന്‍ലാലിന്റേതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പേരുടെ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് പ്രസിഡന്റ് മോഹന്‍ലാല്‍ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.

മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളും രാജിവച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടെന്നായിരുന്നു ഇന്നലെ അറിയിച്ചത്. താന്‍ രാജിവെച്ചിട്ടില്ലെന്ന് നടി സരയു വ്യക്തമാക്കിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണെന്നും കോലാഹലങ്ങളില്‍ താത്പര്യമില്ലാത്തതിനാലാണ് മോഹന്‍ലാല്‍ രാജിവെച്ചതെന്നുമാണ് സരയു പറയുന്നത്.

കൂട്ടരാജിയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നതായി സരയു പറഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനം AMMA മാത്രം നടത്തേണ്ടതായിരുന്നില്ലെന്നും ചലച്ചിത്രമേഖലയിലെ എല്ലാ പ്രവര്‍ത്തകരും അഡ്രസ് ചെയ്ത് നടത്തപ്പെടേണ്ടതായിരുന്നുവെന്നും സരയു വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ മേഖലയിലെ മുതിര്‍ന്ന നടന്മാര്‍ക്കും സംവിധായകനുമെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് 'അമ്മ' പ്രതിസന്ധിയിലായത്. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ അങങഅ എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവച്ചെന്നായിരുന്നു അറിയിച്ചത്.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചിരുന്നു.

SCROLL FOR NEXT