NEWSROOM

ഇനി ഇല്ല ആ യാത്ര; ഇന്ത്യന്‍ വിശ്വാസികളുടെ ആഗ്രഹം ബാക്കിയായി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം പല ആവര്‍ത്തി പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

നോയൽ ബെന്നി 

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന്റെ വേദനയിലാണ് ക്രൈസ്തവ സമൂഹം.

2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകള്‍ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2013 മാര്‍ച്ചില്‍ നടന്ന കോണ്‍ക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോയെ (ഫ്രാന്‍സിസ് പാപ്പ) ആഗോള കത്തോലിക്കാ സഭയുടെ തലവനായി തെരഞ്ഞെടുത്തത്.


1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ, ഫ്രാന്‍സിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോളസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

യാത്രകളെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, 2013 മുതല്‍ 2025 വരെ 60 -ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മാര്‍പാപ്പമാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രകളെ കുറിച്ച്, 


*2013 ജൂലൈയില്‍, പോപ്പ് ഫ്രാന്‍സിസ് നടത്തിയ ലാംപെഡൂസ സന്ദര്‍ശനമാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക
സന്ദര്‍ശനം.

*മെഡിറ്ററേനിയന്‍ കടല്‍ കടന്ന് കുടിയേറുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് ലാംപെഡൂസ ദ്വീപ്.

*കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ദുരവസ്ഥയോടുള്ള അദ്ദേഹത്തിന്റെ ആഴമായ ഉത്കണ്ഠ എടുത്തു കാണിക്കുന്നതായിരുന്നു ഈ സന്ദര്‍ശനം.

*അറബ് ലോകം സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ. Document on Human Fraternity എന്ന ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു.

*യുഎസ്സിലെ കോണ്‍ഗ്രസ്സില്‍ സംസാരിച്ച ആദ്യ മാര്‍പാപ്പ.

*യുദ്ധബാധിത രാജ്യമായ ഇറാഖ് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രകള്‍ വെറും നയതന്ത്ര സന്ദര്‍ശനങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച് അവ മനുഷ്യത്വത്തിന്റെ പാഠങ്ങളും ആഹ്വാനങ്ങളും ഉള്‍ക്കൊള്ളുന്നവയായിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കുക എന്ന സ്വപ്നം ബാക്കി വെച്ചാണ്, അപ്രതീക്ഷിതമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകത്തോട് വിട പറഞ്ഞത്. സിംഗപ്പൂര്‍. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും, ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല.


2021 ഒക്ടോബറില്‍ റോമില്‍ നടന്ന ജി-20 ഉച്ചകോടിയിലും, 2024 ജൂണില്‍ ഇറ്റലിയിലെ അപുലിയയില്‍ നടന്ന ജി-7 ഉച്ചകോടിയിലും പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം പല ആവര്‍ത്തി വെളിപ്പെടുത്തിയിരുന്നു. മാര്‍പാപ്പയുടെ പേപ്പല്‍ യാത്രകളുടെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഈ പ്രതീക്ഷകളാണ് ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം, മറ്റൊരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല.

SCROLL FOR NEXT