ഇമ്മാനുവൽ മാക്രോണിനെതിരായ 2022 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരാജയപ്പെട്ട വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിൻ്റെ പ്രചാരണ ധനസമാഹരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് സർക്കാർ. ഫ്രാൻസിൽ ഇടതുപക്ഷ സർക്കാർ രൂപീകരണ ചർച്ചകൾക്കിടെയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു സ്ഥാനാർത്ഥി വായ്പ സ്വീകരിച്ചുവെന്ന അവകാശവാദം എന്നീ ആരോപണങ്ങളിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ധനസമാഹരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ലെ പെന്നും അവരുടെ പാർട്ടിയും നിഷേധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുന്നതിൻ്റെ ചുമതലയുള്ള ദേശീയ കമ്മീഷനായ സിഎൻസിസിഎഫ്‌പി, കഴിഞ്ഞ വർഷം പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് നൽകിയ അറിയിപ്പിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.