ഭാര്യയെ മയക്കുമരുന്ന് നൽകിയ ശേഷം, അപരിചിതരെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച കേസിൽ വിചാരണ നേരിട്ട് 71കാരൻ. ഫ്രാൻസിലെ സർക്കാർ ഉടമസ്ഥതയിലുള്ള പവർ യൂട്ടിലിറ്റി കമ്പനിയായ ഇഡിഎഫിലെ മുൻ ജീവനക്കാരനായ ഡൊമിനിക്കാണ് കേസില്‍ വിചാരണ നേരിടുന്നത്. ഇയാൾക്ക് പുറമേ മറ്റു 50 പ്രതികളെയും വിചാരണ ചെയ്യും. മൂന്ന് സ്ത്രീകളുടെ ചിത്രങ്ങൾ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ ഡൊമിനിക്ക് പിടിയിലായതിനെ തുടര്‍ന്നാണ് അസാധാരണവും വിചിത്രവുമായ കുറ്റകൃത്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണത്തിലാണ് ഡൊമിനിക്കിന്റെ കംപ്യൂട്ടറിൽ നിന്നും ഭാര്യയുടെ നൂറു കണക്കിന് ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. അവിഗ്നണിലെ മാസാനിലുള്ള വീട്ടിൽ വെച്ച് നടന്ന ബലാത്സംഗങ്ങളുടെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. അതിലെല്ലാം സ്ത്രീ അബോധാവസ്ഥയിലായിരുന്നു. മാത്രമല്ല, coco.fr എന്ന സൈറ്റിൽ ഡൊമിനിക്ക് നടത്തിയ ചാറ്റുകളും പൊലീസ് കണ്ടെടുത്തു. അപരിചിതരുമായി ബന്ധപ്പെടുകയും ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ക്ഷണിക്കുകയും ചെയ്തിരുന്നത് ഈ സൈറ്റ് വഴിയാണെന്നുെം പൊലീസ് കണ്ടെത്തി.
2011 മുതല്‍ പത്ത് വര്‍ഷത്തോളം സ്ത്രീ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യയ്ക്ക് ടെമെസ്റ്റ അടക്കമുള്ള ഹെവി ഡോസ് ട്രാൻക്വിലൈസേഴ്സ് നൽകിയിരുന്നതായി ഡൊമിനിക് വെളിപ്പെടുത്തി. 2011 ൽ ഇരുവരും പാരിസിൽ താമസിച്ചിരുന്നപ്പോൾ ആരംഭിച്ച ചൂഷണം പിന്നീട് മാസാനിലേക്ക് മാറിയ ശേഷവും തുടരുകയായിരുന്നു. അജ്ഞാതര്‍ക്കൊപ്പം ഡൊമിനിക്കും ബലാത്സംഗത്തിൽ പങ്കാളിയായിരുന്നു. മോശം വാക്കുകളുപയോഗിച്ച്, മറ്റുള്ളവരെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 72 പേർ ചേർന്ന് 92 തവണയാണ് 72 കാരിയെ ബലാത്സംഗം ചെയ്തത്. ഇതിൽ 51 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 നും 74 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഹെവി ഡോസ് മയക്കുമരുന്ന് നൽകിയശേഷമായിരുന്നു ബലാത്സംഗം. സ്ത്രീ ലഹരിയുടെ മയക്കത്തിലായിരുന്നതിനാല്‍, പത്ത് വർഷമായി തുടർന്നുകൊണ്ടിരുന്ന ചൂഷണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഡൊമിനക് പിടിയിലായതോടെ, 2020ലാണ് സ്ത്രീ പീഡനത്തെക്കുറിച്ച് അറിഞ്ഞത്.
മൂന്ന് മക്കളുടെ പിന്തുണയോടെ കേസുമായി കോടതിയിലെത്തിയ സ്ത്രീ തന്നെയാണ് പൊതു വിചാരണ എന്ന ആവശ്യമുന്നയിച്ചത്. സ്ത്രീയുടെ ആവശ്യം പരിഗണിച്ച് പ്രതികളുടെ പരസ്യ വിചാരണയാണ് നടക്കുകയെന്ന് ജഡ്ജി റോജർ അരാറ്റയും വ്യക്തമാക്കി. അവർക്ക് സംഭവിച്ചതിനെക്കുറിച്ച് കഴിയുന്നത്ര അവബോധം വളർത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് സ്ത്രീയുടെ അഭിഭാഷകരിലൊരാളായ സ്റ്റെഫാൻ ബാബണോയും പറഞ്ഞു. അവരെ സംബന്ധിച്ചടത്തോളം, വിചാരണ ഭീകരമായ പരീക്ഷണമായിരിക്കുമെന്ന് മറ്റൊരു അഭിഭാഷകനായ അൻ്റോൺ കാമസ് പറഞ്ഞു. പത്ത് വർഷമായി അവർ അനുഭവിച്ചിരുന്ന ബലാത്സംഗ അനുഭവങ്ങളിലൂടെ അവർക്ക് കടന്നുപോകേണ്ടതായി വരും. 2020ൽ മാത്രം തിരിച്ചറിഞ്ഞ പീഡനത്തെക്കുറിച്ച് അവർക്ക് യാതൊരു ഓർമയുമില്ലെന്നും അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കി.
ദമ്പതികളെ അവരുടെ ഫാൻ്റസികളിൽ സഹായിച്ചിരുന്നതായാണ് കരുതിയതെന്ന് പ്രതികളിൽ ചിലർ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭാര്യയെ അവരുടെ സമ്മതമില്ലാതെ ലഹരി നൽകി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഇവർക്കറിയാമായിരുന്നവെന്നാണ് ഡൊമിനിക്ക് വെളിപ്പെടുത്തിയത്. ഉറക്കം എന്നതിനേക്കാളും സ്ത്രീ കോമ അവസ്ഥയിലായിരുന്നുവെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇത് ഒരുതരം അഡിക്ഷൻ ആണെന്ന് പറഞ്ഞ പ്രതിയുടെ അഭിഭാഷക, പ്രതിക്ക് പശ്ചാത്താപമുണ്ടെന്നും, മാപ്പർഹിക്കാത്ത തെറ്റാണെന്നും വ്യക്തമാക്കി. പ്രതിക്കെതിരെ 1991ല്‍ നടന്ന കൊലപാതകത്തിനും ബലാത്സംഗത്തിനും, 1999ലെ ബലാത്സംഗ ശ്രമത്തിലും കേസെടുത്തിട്ടുണ്ട്.