ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി കൊണ്ട് വിൻഡോസിൻ്റെ ക്രൗഡ് സ്ട്രൈക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ മണിക്കൂറുകളോളം പ്രവർത്തനരഹിതമായിരുന്നു. ഇന്ത്യയിലും മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എറർ കാണിച്ചതിനാൽ നിരവധി മേഖലകളിൽ പ്രവർത്തനം പ്രതിസന്ധിയിലായി. ലോകമെമ്പാടുമുള്ള വിമാന കമ്പനികളും, പൊതുമേഖാ ബാങ്കിംഗ് സ്ഥാപനങ്ങളും, എന്തിന് സാധാരണ സൂപ്പർ മാർക്കറ്റുകൾ വരെ കൂട്ടത്തോടെ സാങ്കേതിക തടസം നേരിട്ടു.
രാജ്യത്ത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളുടെ ബുക്കിംഗിലും ചെക്ക്-ഇൻ സർവീസുകളിലും സർവീസ് അപ്ഡേഷനുകളിലും വരെ കടുത്ത പ്രതിസന്ധികൾ നേരിട്ടു. സ്പൈസ് ജെറ്റും ആകാശ എയറും ഇൻഡിഗോയും സാങ്കേതിക തടസ്സങ്ങൾ സംബന്ധിച്ച് പ്രശ്നങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനികൾ അറിയിച്ചു.
മൈക്രോസോഫ്റ്റിൻ്റെ ഔട്ടേജ് കാരണം കമ്പനിയുടെ സേവനങ്ങൾ തടസപ്പെട്ടതായി ഇൻഡിഗോ അറിയിച്ചു. ബുക്കിംഗ്, ചെക്ക്-ഇൻ സേവനങ്ങൾ തടസപ്പെട്ടതായും, ഉപഭോക്താക്കളുടെ സാങ്കേതിക തടസത്തിൽ ഖേദിക്കുന്നുവെന്നും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വിൻഡോസ് തകരാർ കൊച്ചി വിമാനത്താവളത്തിൻ്റെ വരെ പ്രവർത്തനങ്ങളെ ബാധിച്ചു. ഏഴ് വിമാന സർവീസുകൾ വൈകുന്നതായും ചെക്ക് ഇൻ,റിസർവേഷൻ സംവിധാനങ്ങളെ ബാധിച്ചുവെന്നും വിമാനത്താവളം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ വിമാന സർവീസുകളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും സിയാൽ അധികൃതർ അറിയിച്ചു.
മെൽബൺ വിമാനത്താവളം, ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ, ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച്, യുഎസ് ഫെഡറൽ ഏവിയേഷൻ സിസ്റ്റം, ആംസ്റ്റർഡാം വിമാനത്താവളം, ജർമനിയിലെ ബെർലിൻ ബ്രാണ്ടൻബെർഗ് വിമാനത്താവളം എന്നിവയും സാങ്കേതിക തടസം നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടിക്കണക്കിന് ആളുകളാണ് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' പ്രതിസന്ധി നേരിടുന്നത്.